കഴിഞ്ഞ മാസം( മാർച്ച് ) അഫ്സൽ ക്ലാസ്സിലെ ഗ്രൂപ്പിൽ പറഞ്ഞപ്പോഴാണ് ആദ്യമായി ഈ ക്ഷേത്രത്തിനെ കുറിച്ച് അറിയുന്നത്. 15കിലോമീറ്റർ പെരിയാർ കടുവ സങ്കേതത്തിലൂടെയാണ് ഇവിടെക്ക് എത്താനുള്ളത്. അത് കേട്ടപ്പോൾ തന്നെ പോയേക്കാം എന്ന് പറഞ്ഞു. പക്ഷെ 2ദിവസം മുൻപ് ചെറിയൊരു മടുപ്പ് തോന്നിയത്കൊണ്ട് പോകുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. തലേ ദിവസം വൈകിട്ട് 5മണി കഴിഞ്ഞപ്പോൾ അഫ്സൽ വിളിച്ചു പറഞ്ഞു നമ്മുക്ക് പോയേക്കാം കൂടെ പൊണ്ടാട്ടിയും ഉണ്ടെന്ന്.. അത് കേട്ടപ്പോൾ തന്നെ ഞാൻ വിധി എഴുതി. ക്ഷേത്രം വരെ എത്താൻ സാധ്യത വളരെ കുറവാണ് മറ്റൊന്നും കൊണ്ടല്ല ആള് നല്ല ഒന്നാന്തരം മടിച്ചി ആണ്. കൂടുതൽ സമയം ആലോചിച്ച് നിന്നില്ല. ഇപ്പോൾ 3പേരുണ്ട് ഇനി ഒരാളും കൂടെ ഉണ്ടെങ്കിൽ സുഖമായി പോയി വരാം. അങ്ങനെ ഉള്ളപ്പോൾ ആദ്യം മനസ്സിൽ വരുന്നത് നമ്മുടെ ചെക്കൻ ബിനോയ് ആണ്. അവൻ പിന്നെ ആപ്പീസിൽ പോകേണ്ടെങ്കിൽ ട്രിപ്പ് എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ ചാടിയിറങ്ങും. പെസഹവ്യാഴം ആയത് കൊണ്ട് വീട്ടിൽ അമ്മ എന്തെകിലും പറയുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. എന്തായാലും വിളിച്ചേക്കാമെന്ന് വിചാരിച്ചു. വിളിച്ചപ്പോൾ തന്നെ ഞാൻ റെഡി എന്ന് മറുപടി വന്നു.. വൈകിട്ട് 8മണിക്ക് ആലപ്പുഴയിൽ നിന്നും ഇറങ്ങാമെന്നു പ്ലാൻ ചെയ്തു. അഫ്സലിനോട് വിളിച്ച് 8മണിക്ക് ആലപ്പുഴയിൽ എത്താൻ പറഞ്ഞു. 8മണിക്ക് തന്നെ ആലപ്പുഴയിൽ നിന്നും വണ്ടി എടുത്തു. ബിനോയി മോനെ ചേർത്തലയിൽ നിന്നും വേണം പൊക്കാൻ. വണ്ടിയിലേക്ക് കേറിയപ്പോൾ തന്നെ അവൾ പണി തുടങ്ങി. AC ഓഫാക്കിക്കോ അല്ലെങ്കിൽ ഞാൻ വാളുവെക്കുമെന്ന്. അവിടെ ഇറക്കി വിട്ടാലോ എന്നാലോചിച്ചു.?? 8.30 ആയപ്പോൾ ബിനോയും ജോയിൻ ചെയ്തു. ഇനി നേരെ കുമളി ആണ് ലക്ഷ്യം. വെളുപ്പിനെ 5മണിക്ക് അവിടെ എത്തണം. തണ്ണീർമുക്കം വഴി കോട്ടയം ചെന്നിട്ട് വേണം കുമളിക്ക് പോകാൻ. വെളുപ്പിനെ 3മണിക്ക് തന്നെ കുമളിയിൽ എത്തി.ഇടക്ക് ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമൊക്കെ നിർത്തിയിരുന്നു.
കുമളി എത്തിയിട്ട് ചോദിച്ചപ്പോൾ കുറെ ആളുകൾ ക്ഷേത്രത്തിലേക്ക് പോകാൻ വേണ്ടി നിക്കുന്നുണ്ട്. കുമളി ചെക്പോസ്റ്റിന്റെ തൊട്ടടുത്ത് ഒരു പേ പാർക്കിംഗിൽ കൊണ്ട് വണ്ടി പാർക്ക് ചെയ്ത് ഒരു കട്ടൻ കുടിക്കാൻ ഇറങ്ങി. അപ്പോൾ സമയം 3മണി കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. 6മണിക്ക് ആണ് അങ്ങോട്ടേക്ക് കയറ്റി വിടുന്നത്. ഇനി 3മണിക്കൂർ ഉണ്ട് കുറച്ച് ഉറങ്ങിയാലോ എന്നാലോചിച്ചു. കട്ടൻ കുടിയൊക്കെ കഴിഞ്ഞപ്പോൾ അതാ കുമളി ബസ് സ്റ്റാൻഡിന്റെ മുന്നിൽ ഒരു നീണ്ട നിര. കുറെ ആളുകൾ അവിടെ കിടന്നുറങ്ങുന്നുമുണ്ട്. നേരെ ചെന്ന് ചോദിച്ചപ്പോൾ ക്ഷേത്രത്തിലേക്ക് പോകാൻ വേണ്ടി ജീപ്പിൽ കയറാൻ നിക്കുന്ന ക്യൂ ആണത്രേ. രാത്രിയെ വന്നു നിന്നാലേ ആദ്യം കയറാൻ സാധിക്കൂ. (ജീപ്പിൽ പോകുന്നവർക്ക് മാത്രമേ അത് ബാധകമായുള്ളു) ക്യൂ നിക്കാതെയും പോകാം. അതിന് 2000രൂപ കൊടുക്കണം. അവിടെ നിന്നാൽ 100രൂപ ഒരാൾക്ക്. നടന്നു പോകുന്നവർക്ക് ഇതൊന്നും ബാധകമല്ല.6മണിക്ക് തന്നെ കേറാം. ഞങ്ങൾ നടന്നു കേറാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. 4.30അടുത്തായപ്പോൾ പോലീസ് ഫയർ&റെസ്ക്യൂ ,ഹെൽത്ത് ,വെഹിക്കിൾ തുടങ്ങിയ എല്ലാ ഡിപ്പാർട്മെന്റിൽ നിന്നും നീണ്ടൊരു വാഹനവ്യൂഹം തന്നെയുണ്ട് ക്ഷേത്രത്തിൽ പോകുന്നവരുടെ സുരക്ഷക്ക് വേണ്ടി. കുമളിയിൽ നിന്നും ഏകദേശം 2കിലോമീറ്റർ നടക്കണം ചെക്ക്പോസ്റ്റിലേക്ക്.(ഹോട്ടൽ സ്റ്റെർലിങ് ആണ് ആ വഴിയിലെ അവസാനത്തെ കെട്ടിടം ) അവിടെ നിന്ന് 6മണി കഴിഞ്ഞിട്ട് മാത്രമാണ് കയറ്റി വിടുന്നത്.
പോലീസ് വണ്ടിയൊക്കെ കുമളിയിൽ നിന്നും 5മണി ആയപ്പോൾ കയറാൻ തുടങ്ങി. എന്നാ പിന്നെ ഒരുപാട് താമസിപ്പിക്കണ്ടല്ലോ സ്റ്റെർലിങ്ങിന്റെ അവിടെ ചെന്ന് കുറച്ചു നിൽക്കാമെന്ന് വിചാരിച്ചു.കുറച്ച് ബിസ്കറ്റും 2,3കുപ്പി വെള്ളവുമൊക്കെ ആയി നടപ്പ് തുടങ്ങി. വഴി ഒക്കെ അറിയാമെന്നും പറഞ്ഞ് അഫ്സൽ മുന്നേ നടന്നു. കുറച്ച് മുന്നോട്ട് ചെന്നപ്പോഴേക്കും. വഴി 2ആയി തിരിഞ്ഞു. മുന്നിലൂടെ വന്ന ജീപ്പിലെ ചേട്ടനോട് വഴി ചോദിക്കാൻ പറഞ്ഞപ്പോൾ അഫ്സൽ ഒന്നും നോക്കാനില്ല ലെഫ്റ്റിലേക്ക് പോകാമെന്നു പറഞ്ഞു. പിന്നേം ചോദിച്ചു ഉറപ്പാണല്ലോ.ഞാൻ സ്ഥിരം വരുന്നതാ നിങ്ങൾ വാടാ.... നടന്നു 500മീറ്റർ കഴിഞ്ഞപ്പോൾ റോഡ് ഒരു കാട്ടിൽ ചെന്നു അവസാനിച്ചു. അഫ്സലെ ഇനി എങ്ങോട്ടാ.. അളിയാ പണി പാളി വഴി തെറ്റിയൊന്നൊരു സംശയം. പിന്നെ അവിടെ ഒരു പൂരപ്പാട്ടായാരുന്നു.നടക്കാൻ തുടങ്ങിയപ്പോൾ തന്നെ സീന ഞാൻ വരണോ എന്ന ചോദ്യം പല ആവർത്തി ഉയർത്തി കൊണ്ടിരുന്നു. വഴി തെറ്റിയത് കൂടെ ആയപ്പോൾ തീരുമാനമായി.??? ഒരു വിധം നടന്ന് 5.40ആയപ്പോൾ ഗേറ്റിൽ എത്തി. നീണ്ട നിരയിൽ ജീപ്പും അതേപോലെ നടന്നു കേറാനുള്ളവരുമൊക്കെ ആയി നല്ല തിരക്ക്. കുറച്ച് കഴിഞ്ഞപ്പോൾ പോലീസ് വണ്ടിയും ഫയർ &റെസ്ക്യൂ മറ്റു ഡിപ്പാർട്മെന്റ് വണ്ടിയെല്ലാം കയറ്റി അയക്കാൻ തുടങ്ങി. ഷാർപ്പ് 6മണി ആയപ്പോൾ തന്നെ ഗേറ്റ് തുറന്നു. അകത്തേക്ക് കയറുന്നതിനു മുൻപായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ കുറച്ച് നിർദ്ദേശങ്ങൾ നൽകി. പ്ലാസ്റ്റിക് കുപ്പി , മറ്റു പ്ലാസ്റ്റിക് സാധനങ്ങളും ഒന്നും തന്നെ കൊണ്ട് പോകരുത് എന്ന് പറഞ്ഞിട്ട് കയറിക്കോ എന്ന് പറഞ്ഞു. ഞങ്ങളോട് കുമളിയിൽ വെച്ച് ഒരു ചേട്ടൻ പറഞ്ഞായിരുന്നു കുപ്പി കൊണ്ട് പോയാൽ കയറ്റി വിടില്ല എന്ന്. അതുകൊണ്ട് ഞങ്ങൾ പ്ലാസ്റ്റിക് എല്ലാം തന്നെ ഒഴിവാക്കിയിരുന്നു.
വലിയ ചെക്കിങ് ഒന്നുമില്ല ഒരു കുപ്പി വെള്ളമെടുക്കേണ്ടതായിരുന്നു എന്ന് തോന്നി. ആഹ് എന്തായാലും ഗേറ്റ് തുറന്ന പാടെ ആദ്യത്തെ ആവേശത്തിൽ എല്ലാവരും ഓടിക്കയറി. ഞങ്ങൾ പതിയെ പുറകെ നടന്നു. ആദ്യമേ ആവേശം കൂടിയാൽ മുന്നിലേക്കുള്ള 14കിലോമീറ്റർ തീർക്കാൻ പറ്റുമെന്നുള്ള ഒരു പ്രതീക്ഷയും വേണ്ട.1കിലോമീറ്റർ കഴിഞ്ഞപ്പോൾ ഉണ്ടെട നല്ല കിടിലൻ ചെക്കിങ്. കുപ്പിയെന്നല്ല കടല മിട്ടായിയുടെ കവർ പോലും കയറ്റി വിടുന്നില്ല. നമ്മടെ നാട്ടുകാരെ അത്രക്ക് വിശ്വാസമാണ്. ബാഗ് എല്ലാം തുറന്നു കാണിച്ചു . അവിടെ നിന്നും നേരെ ചെന്നത് ബോംബ് സ്‌ക്വാഡിന്റെ അടുക്കലേക്ക്. മെറ്റൽ ഡിറ്റക്ടർ ഒക്കെ ആയി കിടു സുരക്ഷ. ഇനി മുന്നിലേക്ക് ഉള്ളത് 13 കിലോമീറ്റർ ആണ്. ഈ ചെക്കിങ് ഉള്ള സ്ഥലത്ത് ഒരു ഫോറെസ്റ്റ് ഓഫീസ് കണ്ടിരുന്നു. ഇനി അങ്ങോട്ട് കൊടും വനമാണ് അവിടെ നിർദ്ദേശിച്ചിട്ടുള്ള വഴിയല്ലാതെ മറ്റ് വഴിയിലൂടെ കയറുന്നത് ശിക്ഷാർഹമാണ് കൂടാതെ 15000രൂപ പിഴയും കൊടുക്കണം എന്നൊക്കെ അവിടെ എഴുതി വെച്ചിട്ടുണ്ട്.
ഞങ്ങൾ കൂടുതൽ സമയം കളയാതെ ട്രെക്കിങ് തുടങ്ങി . കൊടും വനം എന്നൊന്നും പറയാൻ പറ്റൂല എന്നാലും നല്ല പ്രകൃതിരമണിയമായ സ്ഥലം. അവിടെ നിന്നും കുറച്ച് ഫോട്ടോ ഒക്കെ പിടിച്ചു. കൂടെ ഉള്ളത് ഒരു ബഡാ ഫോട്ടോഗ്രാഫർ ആയത് കൊണ്ട് ഒരു സ്ഥലത്ത് നിന്ന് അവിടെ മൊത്തം ഒപ്പിയിട്ടെ ബിനോയി അടുത്ത സ്റ്റെപ് വെക്കൂ..
അവിടെ നിന്നും നടന്നു നടന്നു 6കിലോമീറ്റർ വരെ ആയി. ഇടക്ക് കാട്ടിലെ കുളങ്ങൾ, കുറെ നാളുകൾ പഴകിയ കാട്ടുപോത്തിന്റെ ജീർണിച്ച ശരീരം ഒക്കെ കണ്ണിൽ പെട്ടു. 6കിലോമീറ്റർ കഴിഞ്ഞപ്പോൾ നല്ല കൊടും വനമായി. പോകുന്ന വഴിയിൽ നടയാത്രക്കാർക്ക് കുടിക്കാൻ വെള്ളം വെച്ചിട്ടുണ്ട്. അത് വലിയൊരു ആശ്വാസമായിരുന്നു. ആകപ്പാടെ ബിനോയി കൊണ്ടുവന്ന ഒരു ഫ്ലാസ്ക് മാത്രമേ കയ്യിൽ ഉള്ളു.. അതിൽ കാണുന്നിടത്തുന്നെല്ലാം വെള്ളം ഫില്ലാക്കും. പറഞ്ഞു വന്നത് 6കിലോമീറ്റർ. ഒരുത്തി ഏറെ കുറെ തീരുമാനമായി എനിക്കിനി നടക്കാൻ വയ്യ എന്നെങ്കിൽ ഞാൻ ഇവിടെ ഇരുന്നോളാം അല്ലെങ്കിൽ എന്നെ ജീപ്പിൽ കയറ്റി വിടണം എന്ന്.. ബാഗിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് എടുത്ത് നടുക്ക് വെച്ച് കാട്ടിൽ ഇരുന്നു 4പേരും കൂടെ തട്ടി. അത് കഴിച്ചു കഴിഞ്ഞപ്പോൾ ആൾക്ക് കുറച്ച് എനർജി കേറി. ബാ നടക്കാം അവൾ ആദ്യം എണീറ്റു. 5മിനിറ്റ് കൂടെ ഇരിക്കാൻ പറഞ്ഞപ്പോൾ നിങ്ങൾ പതിയെ വന്നേക്ക് ഞാൻ പോകുവാണെന്ന്. ബിസ്കറ്റിൽ നിന്നും എന്തോ ബാധ കയറിയത് പോലെ അവൾ മുന്നേ നടന്നു. 2മിനിറ്റ് കഴിഞ്ഞ് ഞങ്ങളും നടത്തം തുടങ്ങി. 2,3കിലോമീറ്റർ നടന്നു മുൻപിൽ പോയവളുടെ പൊടി പോലുമില്ല. അഫ്സലെ അവളെ വല്ലോ പുലിയും പിടിച്ച് കാണുമോ. കാണുന്നില്ലാലോ. ചുമ്മാതിരിക്കെടാ കൊതിപ്പിക്കാതെ.അഫ്സലിന്റെ മറുപടി ??കുറച്ചുകൂടെ മുന്നോട്ട് നീങ്ങിയപ്പോൾ ഒരു കല്ലിന്റെ പുറത്ത് ഇരിക്കുന്നു. നേരത്തെ പറഞ്ഞ അതെ ഡയലോഗ് എനിക്കിനി വയ്യ നിങ്ങൾ പോയിട്ട് വാ... അപ്പോഴേക്കും ഞങ്ങളും തളർന്നിരുന്നു. അടുത്ത് കിടന്ന കല്ലിൽ ഞങ്ങളും മാറി ഇരുന്നു......
തുടരും ????