ഹംപിയിൽ നിന്നും ഏകദേശം 10മണിക്കൂർ എടുത്തു ഹൈദരാബാദ് എത്താനായിട്ട്. ഉച്ചക്ക് 3 മണിക്ക് ഹംപിയിൽ നിന്നും തുടങ്ങിയ യാത്ര രാത്രി 1 മണി ആയപ്പോൾ ഹൈദരാബാദ് എത്തി. ഗണേഷ് ചതുർഥി ഞങ്ങളുടെ പുറകെ ഉണ്ടെന്നു തന്നെ പറയണം. ഹൈദരാബാദ് ടൗണിൽ എത്തിയപ്പോൾ റോഡ് മൊത്തത്തിൽ ബ്ലോക്ക് ചെയ്തിക്കുന്നു. അന്വേഷിച്ചപ്പോൾ ആനറിയാൻ സാധിച്ചത് ഗണേഷ് ചതുർഥിയോടനുബന്ധിച്ച് നടക്കുന്ന പരിപാടിയാണെന്ന്. ഭക്ഷണം കഴിച്ചിട്ട് റൂം നോക്കാമെന്നും വിചാരിച്ചു വണ്ടി നിർത്തിയപ്പോൾ പോലീസ് സാറുമാർ ഒരു വിധത്തിലും സമ്മതിക്കുന്നില്ല. എന്ന പിന്നെ കുറച്ച് മാറിയിട്ട് റൂം നോക്കാമെന്നും വെച്ച് കുറച്ച് ടൗണിൽ നിന്നും വന്ന വഴിയിൽ നീങ്ങി. വരുന്ന വഴിയിൽ ഒരുപാട് കടകൾ ഉള്ളൊരു ജംഗ്ഷൻ കണ്ടെന്നു അഫ്സലും നിഷാദും. ഉറക്കമായിരുന്നത് കൊണ്ട് ഞാൻ കണ്ടിരുന്നില്ല. ആ ജംഗ്ഷൻ തപ്പിയുള്ള പോക്ക് 70 കിലോമീറ്ററോളം പിന്നോട്ട് ഓടി. കട കണ്ടോ അതുമില്ല. പിന്നെ ഒരു ചെറിയ ദാബ കണ്ടിട്ട് അവിടെ കേറി കിട്ടിയതും കഴിച്ച് നേരെ അടുത്തുള്ള റൂം ലക്ഷ്യമാക്കി യാത്ര വീണ്ടും തുടർന്നു. അപ്പോഴേക്കും സമയം 2 കഴിഞ്ഞിരുന്നു. വരുന്ന വഴിയിൽ ഒരു ഹോട്ടലിൽ കയറി റേറ്റ് ഒക്കെ ചോദിച്ചിരുന്നു. 3000 രൂപക്ക് 4 പേർക്ക് അത്യാവിശം നല്ല റൂം. പക്ഷെ ആ ഹോട്ടൽ കഴിഞ്ഞ എത്ര മാത്രം മുന്നിലോട്ട് ഓടിയിട്ടുണ്ടെന്നു അറിയില്ലായിരുന്നു. എന്തായാലും താമസിച്ചു. അവിടെ തന്നെ ചെന്ന് റൂം എടുക്കാമെന്ന് വിചാരിച്ചു. ഒരു വിധം ഓടി അവിടെ എത്തി. ഓഫ് സീസൺ ആയത് കൊണ്ടാണോ ടൗണിൽ നിന്നും മാറി നിക്കുന്നത് കൊണ്ടാണോ എന്നറിയില്ല 1500 രൂപക്ക് ആ റൂം ലോട്ടറി ആയിരുന്നു. അത്ര നല്ല റൂം. വന്ന പാടെ മാറി കിടന്ന കിടപ്പ് ബോധം വീണത് രാവിലെ 11 മണിക്ക്.
വെള്ളിയാഴ്ച്ച ആയത് കൊണ്ട് 12 .30 മുന്നേ ഇറങ്ങണം എന്നാൽ മാത്രമേ പള്ളിയിൽ പോകാൻ പറ്റൂ. 12 മണികഴിഞ്ഞപ്പോഴേക്കും ഏകദേശം എല്ലാവരും റെഡിയായി. റൂം 2 ദിവസത്തേക്കായിരുന്നു എടുത്തിരുന്നത്. ഹോട്ടലിൽ നിന്നും ഇറങ്ങി നേരെ മക്ക മസ്ജിദ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് ആണെന്നൊക്കെ കേട്ടപ്പോൾ എന്നാൽ പിന്നെ അവിടെ പോയി തന്നെ ജുമാ നമസ്കരിക്കാമെന്നു വിചാരിച്ചു. റോഡ് കണ്ടിട്ട് ഒരു വിദേശ രാജ്യത്ത് പോയൊരു ഫീൽ. 10 കിലോമീറ്ററോളം നീണ്ടു നിവർന്നു കിടക്കുന്ന പാലം. അതിനു തഴയും മുകളിലുമൊക്കെ ആയി പലവഴിക്ക് പാലങ്ങൾ. ഗൂഗിൾ മാപ് നോക്കിയാൽ കിളി പറക്കും. റോഡ് നല്ല തിരക്കും ഉണ്ട്. മക്ക മസ്ജിദിന്റെ അടുത്ത് എത്തിയപ്പോൾ അടുത്ത പണി അവിടെയൊന്നും പാർക്കിംഗ് ഇല്ലാന്ന്. കുറച്ച് മാറി ഒരിടത്ത് കൊണ്ട് വണ്ടിയും പാർക്ക് ചെയ്ത് അടുത്ത് കണ്ടൊരു പള്ളിയിൽ കയറി നമസ്കരിച്ചിട്ട് വന്നു. ചാർമിനാറിന്റെ അടുത്ത് പാർക്കിംഗ് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ ഒരു വിധം തപ്പി പിടിച്ചിട്ട് ഒരു പേ പാർക്ക് കിട്ടി. അവിടെ കൊണ്ട് നേരെ വണ്ടിയും പാർക്ക് ചെയ്തിട്ട് നേരെ ഹൈദരാബാദി ബിരിയാണി കഴിക്കാമെന്നും വിചാരിച്ച് അവിടെ കണ്ടൊരു ഓട്ടോ ഡ്രൈവറോട് അടുത്ത് എവിടെ നല്ല ബിരിയാണി കിട്ടുമെന്ന് ചോദിച്ചത് ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്നറിയില്ല ഒരു കൂറ ബിരിയാണി കിട്ടുന്ന കട കാണിച്ചിട്ട് പറഞ്ഞു ഇതാണ് ഇവിടുത്തെ നല്ല ബിരിയാണി കിട്ടുന്ന കടയെന്ന്. പിന്നെ എന്ത് നോക്കാനാ നേരെ കേറി. കടയിൽ നല്ല തിരക്കും ഉണ്ട്. അത് കണ്ടപ്പോൾ ഉറപ്പിച്ചു സൂപ്പർ ബിരിയാണി ആകുമെന്ന്. നോക്കിയപ്പോൾ ചിക്കൻ ബിരിയാണിയെക്കാളും വിലക്കുറവ് മട്ടൺ ബിരിയാണിക്ക്. എന്ന പിന്നെ മട്ടൺ ബിരിയാണി പോരട്ടെ. ആദ്യ കാഴ്ച്ചയിൽ കൊള്ളാം. പ്ലേറ്റിലേക്ക് ഇട്ടപ്പോൾ ഉണ്ട് നമ്മുടെ തിരുവനന്തപുരം സ്റ്റൈൽ ഐറ്റം. ബീഫ് കറിയുടെ മുകളിൽ നെയ്‌ച്ചോർ കൊണ്ട് വന്നേക്കുന്നു. ഉള്ളത് പറയാലോ ഇജ്ജാതി കൂറ ബിരിയാണി ഇതിനു മുന്നേ കഴിച്ചിട്ടില്ല. ഒരു വിധം തട്ടിക്കൂട്ടി കുറച്ച് കഴിച്ചിട്ട് അവിടെ നിന്നും വേഗം ചാടി. ബിരിയാണിയെ വെറുത്തു പോയി. അവിടെ നിന്നും നേരെ ചാർമിനാർ ലക്ഷ്യമാക്കി നടന്നു. ചാർമിനാറിന്റെ ചുറ്റും നല്ല തിരക്കുള്ള വലിയ സ്ട്രീറ്റ് ആണ്. ഒരുപാട് വെറൈറ്റി ഡ്രസ്സ് മെറ്റീരിയൽസ് ഒക്കെ വേണ്ടവർക്ക് തുച്ഛമായ നിരക്കിൽ വാങ്ങിക്കാം. നേരെ ചാർമിനാർ പരിസരമൊക്കെ കുറച്ച് നേരം കറങ്ങി നടന്നു നേരെ ചാർമിനാറിന്റെ മുകളിലേക്ക് കയറാൻ ടിക്കറ്റ് കൌണ്ടർ നോക്കി നടന്നു. 20 രൂപയാണ് ഒരാൾക്ക് മുകളിൽ കയറുന്നതിനു ചാർജ്. ചാർമിനാർ പോകുന്നവർ ഒരു മുകളിൽ കയറാതെ തിരിച്ച് വരരുത്. അവിടെ നിന്നുമുള്ള വ്യൂ ഒരു രക്ഷയുമില്ല. 4 സൈഡും നല്ല തിരക്കിലുള്ള സ്ട്രീറ്റ്. കൂടെ മക്ക മസ്ജിദിന്റെ ഒരു കിടിലൻ കാഴ്ചയും കാണാം.
ചാർമിനാറിന്റെ ചെറിയൊരു ചരിത്രം (Source : wikipedia)
ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ[2]. 2012-ൽ ഈ സ്മാരകം ലോക ഭൂപടത്തിൽ സ്ഥാനം നേടി. 'ചാർമിനാർ' എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ഈ സ്മാരകം സ്ഥാപിച്ചത്.[3] പ്ളേഗ് നിർമാജനം ചെയ്തതിൻറെ സ്മരണാർത്തം ആണ് 1591 ൽ ചാർമിനാർ നിർമ്മിച്ചത്.
ചാർമിനാറിലെ 4 മിനാരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിലെ 4 ഖലീഫകളെയാണ് .(ഇസ്ലാം മതത്തിലെ ആദ്യ ഖലീഫ അബൂബക്കർ). സുൽത്താൻ തന്റെ തലസ്ഥാനനഗരി ഗോൾക്കൊണ്ടയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാർമിനാർ നിർമ്മാണം തുടങ്ങിയത്.[4] ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് എന്നിവകൊണ്ടാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്. ചാർമിനാറിന്റെ ഓരോ വശത്തിനും 20 മീറ്റർ നീളമാണുള്ളത്. മിനാരങ്ങൾക്ക് 48.7 മീറ്റർ നീളമുണ്ട്. മിനാരങ്ങൾക്കുള്ളിൽ 149 പടവുകളുണ്ട്. ഹൈദരാബാദിൽ നഗരത്തിന്റെ മദ്ധ്യഭാഗത്തായി പേർഷ്യൻ നിർമ്മാണ രീതികളുപയോഗിച്ചാണ് സ്മരകം നിർമ്മിച്ചത്.
ചാർമിനാറിനു തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ ഇപ്രകാരം പ്രാർഥിച്ചു - "അള്ളാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ".
Watch Full video