Tuesday, November 05
Published On : Feb 27, 2022
Srinagar Malayalam Travelogue | Dal Lake Srinagar|  ശ്രീനഗർ ദാൽ തടാകത്തിലെ ഒരു രാത്രി

കാശ്മീർ വിനോദസഞ്ചാരത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന ദാൽ തടാകം ശ്രീനഗറിലെ ഏറ്റവും  പ്രധാനപ്പെട്ട ആകർഷണമാണ്. മനോഹരമായ പിർ പഞ്ചൽ പർവതങ്ങളും മുഗൾ ഗാർഡനുകളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്ഥലം,  അവധിക്കാലം ആഘോഷിക്കുന്നവർക്കും, ഹണിമൂൺ ദമ്പതികൾക്കും ഏറ്റവും അനുയോജ്യമായ ഒരിടം തന്നെയാണ്. ഉയർന്ന മലനിരകൾ, ദൂരെ മഞ്ഞുമൂടിയ മലകൾ, ശാന്തമായി യാത്ര ചെയ്യുന്ന ഷിക്കാര വള്ളങ്ങൾ, തടാകത്തിന്റെ ചുറ്റും നിശ്ചലമായി നിൽക്കുന്ന ഹൗസ്ബോട്ടുകളുമൊക്കെയായി തടാകത്തിന്റെ മൊഞ്ച് പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. കൂടാതെ സിനിമ ചിത്രീകരണത്തിന് ഏറ്റവും പേര് കേട്ട ഒരിടം കൂടെയാണ് ദാൽ തടാകം. 

 

   ഇനി ഒരു യാത്ര വിവരണം ആകാം.

ജമ്മു തുടങ്ങി ശ്രീനഗർ വരെയുള്ള യാത്ര വളരെ അപകടകരമായതും ഏത് സമയവും യാത്രാവിലക്ക്  നേരിടാൻ സാധ്യതയുള്ളതുമാണ്. ഞങ്ങൾ ജമ്മു എത്തിയ ദിവസം ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. അന്നത്തെ ദിവസം അവിടെ റോഡ് മെയ്ന്റനൻസ് നടക്കുന്നത് കൊണ്ട് കയറ്റിവിടില്ല എന്നത് അറിയാൻ കുറച്ച് വൈകിപ്പോയി. രാവിലെ 7 മണിയോടെ ജമ്മു ബോർഡറിൽ എത്തി. അവിടെ നിന്നും ഒരു ഫോം ഫിൽ ചെയ്ത് കൊടുത്തിട്ട്  വേണം ജമ്മുവിലേക്ക് പ്രവേശിക്കാൻ. ജമ്മു ബോർഡർ കയറി 2 കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ ഫോണിന്റെ നെറ്റ്‌വർക്ക് മൊത്തത്തിൽ പോയി. അതൊരു വലിയ അടിയായി. മറ്റൊന്നുമല്ല ജമ്മുകശ്മീർ പ്രവേശിച്ചു കഴിഞ്ഞാൽ പിന്നെ പ്രീപെയ്ഡ് നെറ്റ്‌വർക്ക് ഒന്നും കിട്ടില്ല. അവിടെ പോസ്റ്റ്പെയ്ഡ് മാത്രമേ വർക്ക് ആകൂ. പിന്നെ എന്ത് ചെയ്യാൻ. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിക്ക് യാത്ര തുടങ്ങി. ചെക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഇന്ന് കയറ്റി വിടില്ല. പകുതിക്ക് വെച്ച് വണ്ടിയെല്ലാം ബ്ലോക്ക് ചെയ്യുമെന്ന്. പിന്നെ ഒരു ലോറി ഡ്രൈവർ ചേട്ടൻ പറഞ്ഞ വിശ്വാസത്തിൽ വണ്ടി ശ്രീനഗർ ലക്ഷ്യമാക്കി വിട്ടു. ഏകദേശം 70 കിലോമീറ്ററോളം ഒരു  കുഴപ്പവുമില്ലാതെ പോയി. പിന്നെ അങ്ങോട്ടൊരു നീണ്ട നിരയിൽ വണ്ടി കിടക്കുന്നത് കണ്ടു. അപ്പോൾ വിധിയെഴുതി ഇന്നിവിടെ പെട്ട്. ഉധംപൂർ എന്നൊരു സ്ഥലത്ത് വണ്ടി ബ്ലോക്ക് ചെയ്തു. ഇനി മുന്നോട്ട് പോകൽ അടുത്ത ദിവസം രാവിലെ 7 മണിക്കേ നടക്കൂ. വണ്ടി ഒരു സൈഡ് ഒതുക്കി വണ്ടിയിൽ തന്നെ മാറി കെടന്നു.   ഒരു വിധത്തിൽ ഒരു പകുതി ദിവസം വണ്ടിയിൽ തള്ളി നീക്കി.

        രാവിലെ 7 മണിക്ക് തന്നെ വണ്ടി ചെറുതായി അനങ്ങി തുടങ്ങി. താവി നദിയുടെ തീരത്ത് കൂടെ വളരെ മികച്ചൊരു യാത്ര. പക്ഷെ ആ യാത്ര വളരെ അപകടം നിറഞ്ഞതായിരുന്നു. ഏത് സമയവും മലയിടിയുന്ന സ്ഥലം. പോരാത്തതിന് പോകുന്നവഴിയിൽ ഹിറ്റാച്ചി ,ചരക്ക് ലോറികളൊക്കെ മണ്ണിനടിയിൽ പെട്ട് കിടക്കുന്ന ഞെട്ടിക്കുന്ന കാഴ്ച്ചകൾ. ഓരോ ചെറിയ ചെറിയ ഗ്രാമങ്ങളൊക്കെ താണ്ടി ഞങ്ങളുടെ യാത്ര തുടർന്നു.  പോകുന്ന വഴിയിൽ  ചെറിയയൊരു  ഹോട്ടലിൽ കയറി നല്ല മട്ടൻ കറിയും പച്ചരി ചോറുമൊക്കെ തട്ടി. കഴിച്ചതിൽ വെച്ച് ഏറ്റവും രുചികരമായ മട്ടൻ കറി . അവിടെ നിന്ന് ഒരുപാട് സമയം കളയാതെ ഞങ്ങൾ  യാത്ര തുടങ്ങി. ഉധംപൂർ കഴിഞ്ഞു മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ റോഡ് മുഴുവൻ ആർമിയും CRPF ഉം മഴയെന്നോ പൊടിയെന്നോ ഇല്ലാതെ റോഡിൽ ഡ്യൂട്ടിക്ക് നിക്കുന്നത് വളരെ വിഷമം നിറച്ചൊരു കാഴ്ച്ച തന്നെയായിരുന്നു. മുന്നോട്ട് പോകും തോറും ആർമി വാഹനവ്യൂഹം വരുമ്പോൾ നമ്മുടെ വണ്ടി പല സ്ഥലങ്ങളിലും 30 മിനിട്ടോളം ബ്ലോക്ക് ചെയ്ത് നിർത്തിയിരുന്നു.  ഏകദേശം 4 മണിയോട് കൂടി ഞങ്ങൾ ശ്രീനഗർ ബോർഡർ കയറി. ശ്രീനഗർ അടുത്തു വരും തോറും കശ്മീരിന്റെ സൗന്ദര്യം  കൂടി കൂടി വന്നു. ഗ്രാമങ്ങളുടെ നടുവിലൂടെയുള്ള റോഡ്, ആപ്പിൾ തോട്ടങ്ങൾ, അങ്ങനെ പ്രകൃതിയുടെ കുളിർമയേകുന്ന കാഴ്ച്ചകൾ. ബോർഡർ അടുത്തായത് കൊണ്ടും നുഴഞ്ഞു കയറ്റം കൂടുതൽ നടക്കുന്ന സ്ഥലമായതു കൊണ്ടും പലയിടത്തും നല്ല ചെക്കിങ് ഉണ്ടായിരുന്നു.

ശ്രീനഗർ കയറിയപ്പോൾ തന്നെ ടൂറിസ്റ്റ് സ്ഥലങ്ങളിൽ കണ്ടു വരുന്ന പോലെ പലയിടങ്ങളിലും ടൂർ ഗൈഡ് വന്നു കാശ്മീർ പാക്കേജിന്റെയും റൂമിന്റെയുമൊക്കെ കാര്യങ്ങൾ വിശദീകരിച്ചു. ആ കൂട്ടത്തിലെ ഒരാളിൽ നിന്നും  ദാൽ തടാകത്തിൽ ഒരു നൈറ്റ് ഹൗസ് ബോട്ട് ബുക്ക് ചെയ്തു. 1200 രൂപ. പക്ഷെ അവിടെ ചെന്ന് ഡയറക്റ്റ് എടുത്താൽ റേറ്റ് വീണ്ടും കുറയും. അങ്ങനെ ഞങ്ങൾ സ്വർഗ്ഗഭൂമിയിൽ എത്തി. ജീവിതത്തിൽ  ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരിടം. ശിക്കാര വള്ളങ്ങളും , ഹൗസ്ബോട്ടുകളും നിറഞ്ഞു കിടക്കുന്ന ദാൽ തടാകം. നേരെ വണ്ടി പാർക്ക് ചെയ്യാൻ ചെന്നപ്പോൾ അവിടെ മുഴുവൻ മലയാളി മച്ചാന്മാർ. വരുന്ന വഴി  ജമ്മുവിൽ വെച്ച് കണ്ടു മുട്ടിയ 2 ടീമിനെയും ഞങ്ങളെ കൊണ്ട് വന്ന അതെ ഗൈഡ് കൊണ്ട് വന്നു ഹൗസ്ബോട്ടിൽ വിട്ടിട്ടുണ്ടായിരുന്നു. അങ്ങനെ അവിടെ നിന്നും ഒരു ഷിക്കാര വള്ളത്തിൽ ഞങ്ങളെ കൊണ്ട് വിടേണ്ട സ്ഥലവും പറഞ്ഞു കൊടുത്തിട്ട് ഗൈഡ് തിരിച്ച് പോയി. വല്ലാത്തൊരു കുളിർമയാണ് ആ വെള്ളത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ.

കപ്പിത്താൻ വിശേഷങ്ങളൊക്കെ അന്വേഷിച്ച് ഞങ്ങളെയും കൊണ്ട് മെല്ലെ മെല്ലെ ദാൽ തടാകത്തിലൂടെ വള്ളം നീങ്ങി. ആ തടാകം കാണുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് കീർത്തിചക്ര സിനിമയിലെ മന്നത് മേരെ പാട്ടാണ്. പിന്നെന്ത് നോക്കാൻ ഉച്ചത്തിൽ 2 വരി ആ പാട്ട് കീറി. അവിടെ ഇരുന്നു ആ പാട്ട് പാടുന്നൊരു ഫീലുണ്ടല്ലോ. ഹോ അതൊക്കെ അവിടെ ചെന്ന് തന്നെ അനുഭവിക്കണം. ഒരു 5 മിനിറ്റിൽ ഞങ്ങൾ ഹൗസ് ബോട്ടിൽ എത്തി. 3 റൂം ഉള്ളൊരു ബോട്ട്. 2 റൂമിലും മലയാളികൾ ആയത് കൊണ്ടൊരു സമാധാനം. മറ്റു നോർത്തിലെ സ്ഥലങ്ങളെ അപേക്ഷിച്ച് ഏറ്റവും ഒരു ആശ്വാസം തോന്നിയത് ശ്രീനഗർ ഉള്ളവരൊക്കെയും നല്ലപോലെ ഇംഗ്ലീഷ് സംസാരിക്കും. അതുകൊണ്ട് തന്നെ തട്ടിയും മുട്ടിയുമൊക്കെ കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നിയില്ല. ഹൗസ് ബോട്ടുകളുടെ നാടായ ആലപ്പുഴയിൽ നിന്നുമാണ് വരുന്നതെന്നൊക്കെ നല്ല തള്ളൽ തള്ളിയാണ് അങ്ങോട്ടേക്ക് ചെല്ലുന്നത്. പക്ഷെ ഇവിടെ ആലപ്പുഴയുമായി താരതമ്യം ചെയ്യാനേ പറ്റില്ല. ഇവിടെ ഹൗസ്ബോട്ട്  ഓടില്ല. ഒരു സ്ഥലത്ത് സ്ഥിരമായി ഉണ്ടാകും.അവിടെ നിന്നും ചലിക്കില്ല. ഷിക്കാരാ വള്ളത്തിൽ നിന്നും ഞങ്ങൾ നേരെ ഹൗസ് ബോട്ടിലേക്ക് കയറി. നേരെ കയറി ചെല്ലുന്നത് ഒരു ചെറിയ ഡൈനിങ്ങ് റൂം. ഒരുപാട് വലിയ സെറ്റപ്പ് ഒന്നുമല്ല. എന്നാലും ഓക്കേ ആണ്. അവിടെ നിന്നും നേരെ മുന്നിലോട്ട് ഒരേ നിരയിൽ 3 റൂം അതിൽ അറ്റത്തെ റൂം ഞങ്ങൾക്കായി തുറന്നു തന്നു. ഹൗസ്ബോട്ട് ആയത് കൊണ്ട് തന്നെ റൂമിനോക്കെ കുറെ പരിമിതികൾ ഉണ്ട്.

തണുപ്പ് അതിഭയാനകമാകുന്ന സ്ഥലമായത്കൊണ്ട് 4 പുതപ്പ് വിരിച്ചിട്ടുണ്ട്. അതിൽ ഒരെണ്ണം ഹീറ്റർ ബെഡ് ആയിരുന്നു. അതിന്റെ കണക്ഷൻ ഒക്കെ കണ്ടത് രാവിലെ ആണെന്നെ ഉള്ളു. അങ്ങനെ റൂമിൽ കയറി  ഫ്രഷ് ആയി കുറച്ച് സമയം കിടന്നുറങ്ങി. റോഡ് നല്ല മോശമായത് കൊണ്ടുതന്നെ നല്ല രീതിക്ക് ക്ഷീണിച്ചിരുന്നു. ഒന്നര മണിക്കൂറോളം നല്ലൊരു ഉറക്കമൊക്കെ കഴിഞ്ഞു പതിയെ റൂമിന് പുറത്തേക്കിറങ്ങി. ഞങ്ങൾ പോയത് മാർച്ചിൽ ആയത് കൊണ്ട് തന്നെ തണുപ്പ് കുറച്ച് കുറവുണ്ടായിരുന്നു. ഡിസംബർ ജനുവരിയിലൊക്കെ ഡാൽ തടാകം ഐസ് ആയി പോയിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. അങ്ങനെ കുറച്ച് സമയം അവിടെ ഉണ്ടായിരുന്ന മല്ലു ടീമ്സുമായി സംസാരിച്ചിരുന്നു. ബോട്ടിൽ കയറിക്കഴിഞ്ഞാൽ പിന്നെ പുറത്തേക്ക് പോക്കൊന്നും സാധ്യമല്ല. അതിനുള്ളിൽ തന്നെ ഭക്ഷണം എന്ത് വേണമെങ്കിലും ഉണ്ടാക്കി തരും. ഡിന്നർ ചപ്പാത്തിയും ചിക്കൻ കറിയും വന്നപ്പോൾ തന്നെ ഞങ്ങൾ  പറഞ്ഞിരുന്നു. അങ്ങനെ 9 മണിയോടെ ഭക്ഷണവും കഴിച്ച് മാറി കിടന്നു. അടുത്ത ദിവസം രാവിലെ എണീറ്റ് ഡാൽ തടാകത്തിൽ ഷിക്കാര റൈഡ് പോകാൻ ബുക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ത്രില്ലിൽ ഒരു രാത്രി എങ്ങനെയോ തള്ളി നീക്കി.

ദാൽ തടാകത്തിലെ വിശേഷങ്ങൾ പാർട്ട് 2 

 

Watch Full video 

SOCIAL SHARE
Advertisement
HOTEL REVIEWS

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

Mar 22, 2015
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.