2 വർഷം മുൻപ് ഒരു ന്യൂസ് പോർട്ടലിൽ ആണ് ഫാസിലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. മറ്റൊന്നുമല്ല ഇലക്ട്രിക്ക് വീൽചെയറിൽ പരപ്പനങ്ങാടി ബീച്ചിലേക്കുള്ളൊരു യാത്ര വിവരണം. കേൾക്കുന്നവർക്ക് അത് വലിയ കാര്യമല്ലെങ്കിലും അവനത് മറ്റൊരു ലോകമായിരുന്നു. മറ്റനവധി യാത്ര വിവരണങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ആ 10 കിലോമീറ്റർ യാത്ര വലിയൊരു കൗതുകകാര്യമായിരുന്നു. അങ്ങനെ ഫേസ്ബുക്കിൽ അവന്റെ പ്രൊഫൈൽ തപ്പിയെടുത്തു. തപ്പി ചെന്നപ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം തോന്നി. -ve എന്നത് അവന്റെ ജീവിതത്തിൽ ഇല്ല. ജീവിതം വീൽചെയറിൽ ആണെങ്കിലും അവനതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഒരു ഒൻപതാം ക്ലാസുകാരന്റെ പോസ്റ്റുകൾ ഒരുപാട് മനസ്സിൽ തട്ടിയിരുന്നു. അടുത്ത ദിവസം അവന്റെ നമ്പർ എടുത്ത് ഒന്ന് പരിചയപ്പെടാമെന്നും വെച്ച് വിളിച്ചു. അവന്റെ ഫേസ്ബുക് പോസ്റ്റ് പോലെ തന്നെ ആളുടെ സംസാരവവും. കുറച്ച് ദിവസങ്ങൾക്കുളിൽ തന്നെ അവനുമായി നല്ല കൂട്ടായി. പോസറ്റീവ് എനർജി എന്നൊക്കെ പറഞ്ഞു മാത്രമേ കേട്ടിട്ടുള്ളു. ഫാസിലിലൂടെ അത് ഞാൻ കണ്ടു. ഒരുപാട് സംസാരിച്ച് കഴിഞ്ഞപ്പോൾ ഇവനെ ഒന്ന് കാണണം എന്ന് തോന്നി. അങ്ങനെ ഒരാവിശ്യത്തിനു കോഴിക്കോട് പോകേണ്ടി വന്നു. അതിന്റെ മുന്നത്തെ ദിവസം ഞാൻ അവനെ വിളിച്ചു. ഡാ ഞാൻ കോഴിക്കോട് വരുന്നുണ്ട്.
എവിടെ വന്നാൽ നിന്നെ കാണാൻ പറ്റും??? ഇക്ക എനിക്ക് നാളെ ക്ലാസ് ഉണ്ട് ഇക്ക വരുമെന്നുറപ്പാണെൽ ഞാൻ ലീവ് ആക്കാമെന്നു പറഞ്ഞു. ഞാൻ വൈകിട്ട് അവിടെ എത്തുന്ന രീതിക്ക് വരാം. നീ ക്ലാസ് കഴിഞ്ഞു വന്നിട്ട് വിളിക്കാൻ പറഞ്ഞു. അങ്ങനെ അവൻ അയച്ചു തന്ന ലൊക്കേഷൻ വെച്ച് ഞങ്ങൾ ചെന്നു. അതിനു മുന്നേ അവൻ അവന്റെ പടക്കുതിരയിൽ പോയെന്നു പറഞ്ഞ ആ ബീച്ച് എനിക്കും ഒന്നും കാണണം എന്ന് തോന്നിയിരുന്നു. അത് കണ്ടിട്ടായിരുന്നു അവന്റെ വീട്ടിലേക്ക് പോയിരുന്നത്. വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ ആള് വണ്ടിയിൽ വന്നു വീടിന്റെ മുന്നിൽ നിക്കുന്നുണ്ടായിരുന്നു. വീടിനകത്തേക്ക് അവന്റെ വണ്ടി കയറ്റാനുള്ള റാമ്പ് ഒക്കെ ഉണ്ട്. അങ്ങനെ ഒരു മണിക്കൂറോളവും അവിടെ ഇരുന്നു ഫാസിലുമായി സംസാരിച്ചു. വീട്ടിലുള്ള എല്ലാവരെയും പരിചയപ്പെടുത്തി. അനിയനും ഒരു വീൽചെയറിൽ ആയിരുന്നു. ആ ഒരു മണിക്കൂർ ഒരുപാട് അവന്റെ അനുഭവങ്ങൾ അവൻ പറഞ്ഞു. എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അവിടെ ചെന്നത്. അവനെ വെച്ച് ഒരു വ്ലോഗ് ചെയ്യണമെന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു, അങ്ങനെ നാളുകൾ കടന്നു പോയി. ആ മിടുക്കൻ 10 ക്ലാസ് ഫുൾ A+ ഉം വാങ്ങി. ഒരുപാട് സന്തോഷം തോന്നി ആ വാർത്ത കേട്ടപ്പോൾ. പിന്നെ അങ്ങോട്ട് ഫാസിൽ അവന്റെ ആഗ്രഹങ്ങൾ ഓരോന്നായി നിറവേറ്റാൻ തുടങ്ങി. യാത്രയെ വല്ലാതെ പ്രണയിച്ചിരുന്ന ഒരാളായിരുന്നു. ഗ്രീൻ പാലിയേറ്റീവിന്റെ ശക്തനായ മെമ്പർ. അവകാശം നേടിയെടുക്കാൻ സോഷ്യൽ മീഡിയയിലൂടെ അവന്റെ പോസ്റ്റുകൾ വളരെ ശ്രെദ്ധ ചെലുത്തിയിരുന്നു. ഞാൻ എവിടെ യാത്ര ചെയ്തിട്ട് സ്റ്റാറ്റസി ട്ടാലും അതിന്റെ വിശദമായ വിവരങ്ങൾ അന്വേഷിക്കും. എനിക്കത് വല്ലാത്തൊരു സങ്കടം തന്നെയായിരുന്നു. അവനെയും കൂടെ കൊണ്ട് പോകണമെന്നുണ്ടായിരുന്നു, പക്ഷെ അവന്റെ ആരോഗ്യ പ്രേശ്നങ്ങൾ അതിനു അനുവദിച്ചില്ല. അങ്ങനെ ഇരിക്കുമ്പോൾ കഴിഞ്ഞ മാസം (ഏപ്രിൽ ) പകുതി ആയപ്പോൾ ഒരു whtsapp മെസ്സേജ് ഇക്ക ഞാൻ ആലപ്പുഴയ്ക്ക് വരട്ടെ അവിടെ എന്തെങ്കിലുമൊക്കെ കാണാനുണ്ടോ. ഒന്നും നോക്കാനില്ല നീ കേറി പോരെടാ. അപ്പോൾ ട്രെയിനിൽ വന്നാൽ എന്റെ വണ്ടി ഇറക്കാൻ അവിടെ ആരെങ്കിലും ഉണ്ടാകുമോ ??? നീ വാ അതൊക്കെ നമ്മക്ക് സെറ്റ് ആക്കാമെന്നു പറഞ്ഞു. വരാന്നു പറഞ്ഞതിന്റെ തലേ ദിവസം വൈകിട്ട് അവൻ വിളിച്ചു പറഞ്ഞു ഒരു ചെറിയ ഹോസ്പിറ്റൽ കേസ് ഉണ്ട് അതുകൊണ്ട് നാളെ വരാൻ പറ്റൂല അടുത്ത ആഴ്ചയിൽ വരാമെന്നു പറഞ്ഞു. അടുത്ത ആഴ്ചയിൽ എനിക്കൊരു സുഹൃത്തിനെയും കൊണ്ട് RCC ൽ പോകേണ്ടി വന്നത് കൊണ്ട് ഞാൻ ഉണ്ടായില്ല. എന്നാൽ പിന്നെ ഇക്കാ ഞാൻ പെരുന്നാളിന്റെ പിറ്റേ ദിവസം വരാം മാറ്റമൊന്നുമില്ല എന്നത്തേക്ക് സെറ്റ് ആക്കണം. ഓക്കേ നീ പോരെടാ എന്ന് പറഞ്ഞു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി. ഇന്ന് രാവിലെ എണീറ്റയുടൻ whatsapp എടുത്ത് നോക്കിയപ്പോൾ യാത്ര ഗ്രൂപ്പിൽ ഫാസിലിന്റെ ഒരു പേപ്പർ കട്ടിങ് കിടക്കുന്നു. ഞാൻ വിചാരിച്ചത് അവന്റെ അടുത്ത യാത്രയോ പാലിയേറ്റീവിന്റെ എന്തെകിലും ആകുമെന്ന് വിചാരിച്ചു. വായിച്ചപ്പോൾ ചങ്ക് തകർന്നു പോയി. ഇനി ആലപ്പുഴയിൽ വരാൻ ഫാസിൽ മോൻ ഇല്ലല്ലോ എന്നോർത്ത്.??? പടച്ചവന്റെ വിധി. പുണ്യ റമളാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് അവന്റെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ.... ആമീൻ