Tuesday, January 28
Published On : Feb 27, 2022
ചിന്നാർ വനത്തിനുള്ളിൽ ഒരു രാത്രി താമസിച്ചാലോ| Adventure Forest Stay In chinnar Munnar

ഒരു സുഹൃത്ത് പറഞ്ഞാണ് ഈ പ്രോപ്പർട്ടിയെ കുറിച്ച് കേൾക്കുന്നത്. ചിന്നാർ വനത്തിനുള്ളിൽ ഒരു കിടിലൻ പ്രോപ്പർട്ടി ഉണ്ട്. വേറെ ലെവലാണെന്നൊക്കെ. എങ്കിൽ പിന്നെ ഒട്ടും താമസിപ്പിക്കാതെ തന്നെ വിട്ടേക്കാമെന്നോർത്തു. അങ്ങനെ ഒരു ബുധനാഴ്ച്ച രാവിലെ വണ്ടിയുമെടുത്ത് ഒരാഴ്ച്ചത്തേക്കുള്ള ഡ്രെസ്സുമെടുത്ത് കാന്തല്ലൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി. മൂന്നാർ പിന്നെ വലിയ പുതുമയുള്ള സ്ഥലമൊന്നുമല്ലാത്തത് കൊണ്ട് മൂന്നാർ എത്തുന്നത് വരെ ക്യാമറ ഓൺ ചെയ്തതെയില്ല. അവിടെ നിന്നും ചിന്നാർ റൂട്ട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ. അതുകൊണ്ട് അങ്ങോട്ടേക്കുള്ള വഴിയൊക്കെ പകർത്താനായി ക്യാമറ കണ്ണുകൾ റെഡിയായി ഇരുന്നു. കുറച്ച് മുന്നോട്ടോടി ഇരവികുളം നാഷണൽ പാർക്ക് കഴിഞ്ഞപ്പോൾ തന്നെ റോഡിൻറെ സ്ഥിതിഗതികൾ ചെറുതായി മാറി മാറി വന്നു. മറ്റൊന്നുമല്ല കോടയിറങ്ങി തുടങ്ങി . പിന്നെ ഒന്നും നോക്കാതെ വണ്ടി സൈഡ് ഒതുക്കി ഒരു കട്ടൻ ആകാമെന്നോർത്തു. മൂടൽ മഞ്ഞിൽ നിന്നൊരു കട്ടൻ. ആഹാ അതൊരു ഒന്നൊന്നര ഫീൽ തന്നെയാണ്. കുറച്ച് സമയം അവിടെ നിന്നിട്ട് വീണ്ടും യാത്ര തുടങ്ങി. മുന്നോട്ടു മാറുംതോറും റോഡ് തീരെ കാണാൻ പറ്റാത്ത വിധത്തിൽ കോടയിറങ്ങാൻ തുടങ്ങി മുന്നിൽ വരുന്ന വണ്ടി പോലും തൊട്ടടുത്ത് വരുമ്പോൾ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. ഒരു വിധത്തിൽ ഓടിച്ചു മറയൂർ ചന്ദനക്കാടിന്റെ അടുത്തെത്തി. അവിടെ നിന്നും കാന്തല്ലൂരിലേക്ക് കയറാൻ ഒരു എളുപ്പ വഴി ഉണ്ട്. ചന്ദനക്കാടിന്റെ ഉള്ളിലൂടെ ആണ്, അതുകൊണ്ട് ആ വഴി തന്നെ പോകാമെന്നു വിചാരിച്ചു. റോഡ് വളരെ മോശമാണ്. പിന്നെ ആ ചന്ദനക്കാടുകളുടെ ഒത്ത നടുവിലൂടെ പോകാം.

ആ വഴി നേരെ കാന്തല്ലൂരിന്‌ തൊട്ടുമുൻപ് കോവിൽക്കടവെന്നൊരു ചെറിയ ഗ്രമത്തിൽ വന്നെത്തും. അവിടെ നിന്നും ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങിയിട്ട് പോകണം. കാന്തല്ലൂർ അതികം കടകളൊന്നുമില്ല. പിന്നെ വളരെ പ്രധാനമായിട്ട് ശ്രദ്ധിക്കേണ്ട കാര്യം BSNL അല്ലാതെ മറ്റൊരു നെറ്റ്‌വർക്കും അവിടെ കിട്ടില്ല. അങ്ങനെ കോവിൽ കടവിൽ നിന്നും ഭക്ഷണവും കഴിച്ചു നേരെ കാന്തല്ലൂർ ലക്ഷ്യമാക്കി വണ്ടി വിട്ടു. കാന്തല്ലൂർ എത്തുന്നതിനു മുൻപായി ഒരു റോഡ് താഴെക്കുണ്ട്. അവിടെ മാങ്ങാപ്പാറ എന്ന ബോർഡും കാണാം. മാങ്ങാപ്പാറ റൂട്ട് ആണ് നമ്മുക്ക് പോകേണ്ടത്. കുത്തനെയുള്ള ഇറക്കമാണ് അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച വേണം ഡ്രൈവ് ചെയ്യാൻ. പോരാത്തതിന് തടി ലോറികളും ഒരുപാടുണ്ട്. ആ വഴി കുറച്ച് മുന്നിലേക്ക് ചെന്നു കഴിയുമ്പോൾ ഒരു ചെറിയ ഗ്രാമത്തിൽ ചെല്ലും. അവിടെ ചെന്നിട്ട് വിളിക്കാനായിരുന്നു മിഥുൻ ബ്രോ (ക്യാമ്പിങ്ങിന്റെ മൊയ്‌ലാളി) പറഞ്ഞിരുന്നത്. അവിടെ ഒരു ചെക്ക് പോസ്റ്റ് കൂടെ ഒരു ചെറിയ കോവിലോക്കെ ഉണ്ട് അവിടെ വരാൻ പറഞ്ഞു. ആ ഗ്രാമത്തിലേക്ക് കയറി കഴിഞ്ഞാൽ പിന്നെ പ്രകൃതിയുടെ ഭംഗി ഒരു രക്ഷയുമില്ല. നല്ല പച്ചപ്പ് നിറഞ്ഞ പുൽനിരകളും , മലനിരകളുമൊക്കെ ആയി കിടു സ്ഥലം. അങ്ങനെ ഞങ്ങൾ ആ കോവിലിന്റെ അടുത്തെത്തി. അവിടെവരെ നമ്മുടെ വണ്ടിയിൽ പോകാൻ പറ്റൂ. അവിടെ നിന്നും ജീപ്പിൽ വേണം മുകളിൽ കാട്ടിലേക്ക് പൊക്കാൻ. അവിടെ ഞങ്ങളെ വിളിക്കാൻ മിഥുൻ ബ്രോ ഉണ്ടായിരുന്നു. കൂടെ എന്റെ പ്രായമുള്ള ഒരു ജഗജില്ലൻ ജീപ്പും. അവിടെ ചെക്ക്പോസ്റ്റിന്റെ അവിടെ കൊണ്ട് പോയി വണ്ടി പാർക്ക് ചെയ്തിട്ട് ബാഗൊക്കെ എടുത്ത് ജീപ്പിലേക്ക് മാറ്റി. നേരെ പോയി മുൻപിലെ സീറ്റ് ഞാൻ ബുക്ക് ചെയ്തു. ഒരു മിനിറ്റിനുള്ളിൽ മിഥുൻ ബ്രോയുമായി സെറ്റായി. നമ്മുക്ക് പറ്റിയ കമ്പനി. 45 മിനിറ്റ് കാട് കയറണം എന്ന് ആശാൻ പറഞ്ഞു. അതിൽ 3 കിലോമീറ്ററോളം മനുഷ്യവാസമില്ലാത്തിടമാണ്. ആശാൻ വണ്ടിയിൽ കയറിയപ്പോൾ തന്നെ ഓരോന്ന് പറഞ്ഞു മനുഷ്യനെ കൊതിപ്പിക്കാൻ തുടങ്ങി . ആദ്യത്തെ ഒരു കിലോമീറ്റർ വലിയ കുഴപ്പമൊന്നുമില്ല. നമ്മൾ വന്ന അതെ വഴി തന്നെ. അത് കഴിഞ്ഞാൽ പിന്നെ ഒരൊന്നൊന്നര ഓഫ്‌റോഡ് ആണ്. പല തരത്തിലുള്ള ഓഫ്‌റോഡ് പോയിട്ടുണ്ടെങ്കിലും ഇത്ര സോഫ്റ്റായി ഓഫ്‌റോഡ് കൊണ്ട് പോകുന്നത് ആദ്യമായിട്ടാണ്. വളരെ സമയമെടുത്ത് ഓഫ്‌റോഡ് ആണെന്ന് പോലും തോന്നാത്ത വിധത്തിലാണ് മിഥുൻ ബ്രോയുടെ ഡ്രൈവ്. കുറച്ച് മുന്നോട്ട് ചെന്നപ്പോൾ ഒരു ചെറിയ വീട് കാണിച്ചിട്ട് ആശാൻ പറഞ്ഞു ഇതാണ് അവസാനത്തെ മനുഷ്യവാസമുള്ള സ്ഥലം. ഇനി അങ്ങോട്ടേക്ക് കൊടും വനമാണ്. പൊളിക്കും എന്ന് ഞങ്ങളും. കാട് പണ്ടേ നമ്മുടെ വീക്നെസ് ആണല്ലോ. 2 മല താണ്ടണം നമ്മുക്ക്.

അതിനിടയിൽ ഒരു പുഴയും ഉണ്ട്. ഈ പഹയൻ കൊതിപ്പിച്ച് കൊല്ലും എന്ന ഭാവത്തിൽ ഞങ്ങൾ യാത്ര ആസ്വദിച്ചു. കുറച്ച് ഓടി കഴിയുമ്പോൾ വണ്ടി നിർത്തി റേഡിയേറ്ററിൽ വെള്ളമൊഴിക്കണം. അമ്മാതിരി കയറ്റമല്ലേ ചെക്കൻ വലിച്ചു കയറ്റുന്നത്. വണ്ടിയുടെ ദാഹം ശമനമാക്കിയിട്ട് വീണ്ടും മുന്നോട്ട് ചെക്കൻ കുതിച്ചു തുടങ്ങി. ഇടക്ക് ഒരു ഓറഞ്ച് തോട്ടത്തിൽ നിർത്തി അവിടെയൊക്കെ കാണിച്ചു തന്നു. ഇനിയാണ് ഈ യാത്രയുടെ ഏറ്റവും അഡ്വെഞ്ചറായിട്ടുള്ള ആ വാട്ടർ ക്രോസിങ്. മഴ സീസൺ കഴിഞ്ഞത് കൊണ്ട് വെള്ളം വളരെ കുറവായിരുന്നു. എന്നാലും തരക്കേടില്ലാത്ത ഒഴുക്കുണ്ടായിരുന്നു. അത് കണ്ടപാടെ ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. മറ്റൊന്നുമല്ല വണ്ടിയിൽ ഇരിക്കുന്നതിലും കാണാൻ പൊളിയാണ് പുറത്ത് നിന്നും വണ്ടി ആ വെള്ളത്തിലൂടെ വരുന്നത് കാണാൻ. അവിടെ നിർത്തി വണ്ടിക്ക് വീണ്ടും വെള്ളമൊഴിച്ച് മുന്നോട്ട് പോകുമ്പോൾ ഒഴിക്കാനായി അവിടെ നിന്നും തന്നെ വെള്ളമൊക്കെ സെറ്റ് ആക്കി വെച്ചിട്ട് വീണ്ടും മുന്നോട്ട് നീങ്ങി. ഇത്രയും ദൂരം വന്നത് പോലയെ അല്ല ഇനി അങ്ങോട്ട് കുത്തനെയുള്ള മലമുകളിലേക്ക് കയറാൻ പോകുവാ. പൊളിക്കുമെന്ന ഭാവത്തിൽ ഞങ്ങൾ ഇരുന്നു. പിന്നെ അങ്ങോട്ടൊരു പൂരമായിരുന്നു. കുത്തനെയുള്ള മലനിരകൾ ചെക്കൻ നിസാരമായല്ലേ വലിഞ്ഞു കേറുന്നത്. അങ്ങനെ 45 മിനിറ്റുകൾക്ക് ശേഷം ഞങ്ങൾ le wild gaur ന്റെ മണ്ണിലേക്ക് എത്തി.

ചെന്നു കേറിയ ഉടൻ ഒരു ചുക്ക് കാപ്പിയും കൂടെ ഒരു മൈസൂർ പാവും. ആഹാ ഒരേ പൊളി. ചീവീടുകളുടെ ശബ്‌ദമല്ലാതെ മറ്റൊന്നുമില്ല. പ്രകൃതിയോടിണങ്ങി താമസിക്കാം. അവിടെ ചെന്ന് കഴിഞ്ഞാൽ അവരു പറയുന്ന അതിരുവിട്ടു പോകരുത്. അത് വലിയ അപകടം ഉണ്ടാക്കും. ഉച്ചക്ക് 2 മണിക്കാണ് താഴെ ചെക്ക്പോസ്റ്റിന്റെ അവിടെ എത്തേണ്ടത്. 3 മണിയോടെ ഇവിടെ എത്തും. പിന്നെ ഒരു കാപ്പിയൊക്കെ കുടിച്ച് ഒരുമണിക്കൂർ വിശ്രമം. 4 മാണി ആയപ്പോൾ അവിടുത്തെ മച്ചാന്മാർ വന്നു വിളിച്ച് ഒരു ചെറിയ ട്രെക്കിങ്ങ് പോയാലോ ? കേട്ടപാടെ ചാടിയിറങ്ങി നുമ്മ റെഡി. ഒരുപാടൊന്നുമില്ല നമ്മൾ ജീപ്പിൽ കേറി വന്ന വഴി കുറച്ച് നടന്നിട്ടു വരാമെന്നും പറഞ്ഞു മച്ചാൻ ഒരു ബോട്ടിൽ വെള്ളവുമെടുത്ത് വാ പോയേക്കാം. നടക്കുന്ന വഴിയിൽ മുഴുവൻ നെല്ലിക്ക വിളഞ്ഞു കിടക്കുന്ന മരങ്ങൾ.  അതിൽ നിന്നും കുറച്ച് നെല്ലിക്കയും പറിച്ച് നേരെ താഴേക്ക് കുറച്ച് നടന്നു. ഒരുപാട് ഒന്നും പോകാൻ പറ്റില്ല നമ്മുക്ക് അനുവദിച്ചിട്ടുള്ള പരിധിക്കപ്പുറം പോകാൻ പറ്റില്ല. ആനയിറങ്ങുന്ന വഴി ആയത് കൊണ്ട് റിസ്കാണ്. അങ്ങനെ 1 മണിക്കൂർ ആ വനത്തിന്റെ ഭംഗി ആസ്വദിച്ച് കറങ്ങി നടന്നിട്ട് തിരിച്ച് എത്തി. സമയം 5 . 30 ആയപ്പോൾ തന്നെ തരക്കേടില്ലാത്ത ഇരുട്ടായി തുടങ്ങി. 7 മണി ആകുമ്പോൾ ക്യാമ്പ്ഫയർ സെറ്റാക്കാം അതുവരെ വിശ്രമം. മിഥുൻ ബ്രോ താഴെ വരെ പോയിട്ട് വരാമെന്നും പറഞ്ഞു ആ രാത്രി ആ പടക്കുതിരയും എടുത്തിറങ്ങി. ആശാനേ സമ്മതിച്ചേ പറ്റു. ആ ഇരുട്ടിൽ കുത്തനെയുള്ള കയറ്റവും. പുഴ ക്രോസിങ് ഒക്കെയായി ബല്ലാത്തൊരു ഡ്രൈവ് ആണ്. അങ്ങനെ സമയം കടന്നു പോയി. 7 മണി ആകാറായപ്പോൾ അവിടെ ഉണ്ടായിരുന്ന മണിയണ്ണൻ(അവിടുത്തെ കെയർ ടേക്കർ) വന്നു വിളിച്ചു. ഗ്രിൽ ചെയ്യാനുള്ളതെല്ലാം സെറ്റ് ആയിട്ടുണ്ട് അങ്ങോട്ടേക്ക് വന്നോളീൻ. തണുപ്പിന്റെ കാഠിന്യം വളരെ കൂടിയിരുന്നു. മഡ് ഹൗസിൽ ഇരുന്നാൽ തണുപ്പ് അതികം അറിയില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ തണുപ്പ് ഒരു രക്ഷയുമില്ല. അവിടെ മരത്തടികൾ കൊണ്ട് അറേഞ്ച് ചെയ്തിരിക്കുന്ന ഇരിപ്പിടത്തിൽ ചുറ്റും കൂടിയിരുന്നു നടുക്ക് ക്യാമ്പ് ഫയറും സെറ്റ് ചെയ്തു. അതിലിട്ടു തന്നെ ചിക്കൻ ഗ്രില്ലും ചുട്ടെടുത്തു. പിന്നെ മണിക്കൂറുകൾ നല്ല മെലഡി സോങ് ഒക്കെ കേട്ട് ആ തണുപ്പിൽ ഇരിക്കുന്ന ഫീലുണ്ടല്ലോ. അത് പറഞ്ഞറിയിക്കുന്നതിലുമപ്പുറമാണ്. 9 മണിയോടെ ഡിന്നറും കഴിച്ചു നേരെ ഹട്ടിലേക്ക്. രാവിലെ 6 മണിക്ക് ഉദയം കാണാൻ ഒരു ട്രെക്കിങ്ങ് ഉണ്ട്. രാവിലെ വിളിക്കും എന്ന് മണി. രാവിലെ എഴുന്നേൽക്കുന്നത് കുറച്ച് മടിയുള്ള കാര്യമാണെങ്കിലും അവൻ കാണിച്ചു തന്ന വ്യൂ കണ്ടപ്പോൾ ഒന്നും നോക്കാനില്ല പോയേക്കാമെന്നു പറഞ്ഞു. കൃത്യം 5 . 30 ആയപ്പോൾ തന്നെ വിളി വന്നു. വേഗം ഫ്രഷായി ഇറങ്ങിക്കോ. ഒരു മല കയറാനുള്ളതന്നെന്നു. 15 മിനിറ്റിൽ തന്നെ ഞങ്ങൾ റെഡിയായി ഇറങ്ങി. ഒരു ഫ്ലാസ്കിൽ ചായയും ഗ്ലാസ്സുമൊക്കെയായിട്ടാണ് കൂടെ വരുന്ന മച്ചാന്റെ വരവ്. ആ സൂര്യോദയമൊക്കെ കണ്ടിരുന്നു ചായ കുടിക്കുന്ന ഫീലുണ്ടല്ലോ അത് വേറെ ലെവല് തന്ന. അങ്ങനെ ഒരു 45 മിനിറ്റ് നീണ്ട ഒരു ട്രെക്കിങ്ങിനു ശേഷം ഒരു പാറയുടെ മുകളിൽ എത്തി.

അവിടെ ചെറിയൊരു ഫോറെസ്റ് സ്റ്റേഷൻ ഉണ്ട്. രാത്രി വനത്തിനുള്ളിൽ പെട്രോളിങ്ങിന് പോയി വന്നതിനു ശേഷം വിശ്രമിക്കുന്ന കുറച്ച് ഉദ്യോഗസ്ഥരുമുണ്ട് അവിടെ. കൂട്ടത്തിൽ ഒരു വേട്ട നായയും. അങ്ങനെ ഞങ്ങൾ നേരെ ചെന്ന് ഒരു പാറയുടെ മുകളിൽ ചെന്നിരുന്നു. പൊന്നു മച്ചാന്മാരെ ഒരു രെക്ഷയുമില്ലാത്തൊരു വ്യൂ ആണ് അവിടെ ഇരുന്നാൽ കിട്ടുന്നത്. ഒരു കപ്പ് ചായയുമായി കുറച്ചു സമയം അവിടെ അങ്ങനെ ഇരുന്നു. നമ്മുടെ സമയം നല്ലതായത് കൊണ്ട് തന്നെ സൂര്യൻ വന്നില്ല. പക്ഷെ കയറി വന്നത് ഒട്ടും നഷ്ടമായില്ല അമ്മാതിരി ഒരു വ്യൂ ആണ് അവിടെ നിന്നുമുള്ളത്. കുറച്ച് സമയം അവിടെ കിടന്നും ഇരുന്നുമൊക്കെ സമയം ചിലവഴിച്ചിട്ട് തിരിച്ച് താഴേക്ക് ഇറങ്ങി. ഒരുപാട് സമയം കളയാൻ ഇല്ലാതിരുന്നത് കൊണ്ട് തന്നെ വേഗം പോയി കുളിച്ച് റെഡിയായി. അപ്പോഴേക്കും നല്ല ആവി പറക്കുന്ന ചൂട് പുട്ടും കടലയും റെഡി. അതും കൂടെ കഴിച്ച് ഇനി കാടിറങ്ങണം. പോകുന്ന വഴിയിൽ വന്നപ്പോൾ കണ്ട ആ വെള്ളച്ചാട്ടത്തിൽ ഒരു കുളിയും കൂടെ ഉണ്ട് ഈ പാക്കേജിൽ. പക്ഷെ ഞങ്ങൾക്ക് സമയം തീരെ ഇല്ലാതിരുന്നത് കൊണ്ട് നേരെ താഴേക്ക് വിട്ടു.

 

Watch video :

കാട്ടിൽ താമസിക്കാൻ താല്പര്യമുള്ളവർക്ക് ഒന്നും നോക്കാനില്ല ഇങ്ങോട്ടേക്ക് വിട്ടോ. സംഭവം പോളിയാണ്.

SOCIAL SHARE
Advertisement
HOTEL REVIEWS

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

Mar 22, 2015
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.