നോർത്ത് ഇന്ത്യ ട്രിപ്പ് ഭാഗം1 കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക്.

0

സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പിൽ  ഒരു മണാലി ട്രിപ്പിന്റെ യാത്ര വിവരണം വായിച്ചപ്പോൾ തുടങ്ങി വല്ലാത്തൊരു  ആഗ്രഹം ഒരു നോർത്ത് ഇന്ത്യ ട്രിപ്പ് പോകണം എന്ന്. ഒരുപാട് നീട്ടി വെച്ചാൽ നടക്കില്ല എന്നുറപ്പുണ്ട്. പല തവണ പലതും പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെ നീണ്ട് പോകുന്നതല്ലാതെ ഒന്നും തന്നെ നടക്കാറില്ല. അതുകൊണ്ട് ഈ ട്രിപ്പ് ഒരുപാട് മുന്നോട്ട് വെക്കാൻ തീരുമാനിച്ചില്ല. അടുത്ത ദിവസം തന്നെ വാട്ട്സ്ആപ്പിൽ ഒരു സ്റ്റാറ്റസ് അങ്ങിട്ടു. ഒറ്റക്ക് പോകാൻ ചെറിയൊരു മടി. ആരെങ്കിലും ഒരാൾ കൂടെ വരുന്നെങ്കിൽ നന്നാകുമല്ലോ എന്നോർത്ത്. പലരും വരണമെന്നുണ്ട് പക്ഷെ ലീവ് ഇല്ല പൈസ ഇല്ല എന്നൊക്കെ പറഞ്ഞു. കൂട്ടത്തിൽ ഏത് ട്രിപ്പ് പ്ലാൻ ചെയ്താലും മുൻപന്തിയിൽ നിന്നിട്ട് സമയത്ത് മുങ്ങുന്ന അബ്ദുന്റെ എത്ര രൂപ ആകുമെന്നുള്ള കമന്റും കൂടെ വന്നു. കാര്യമാക്കിയില്ല. വേറെ ആരും വരുന്നുണ്ട് എന്നുള്ള പോസിറ്റീവ് കമന്റ് പറയാതിരുന്നത് കൊണ്ട് ഒറ്റക്ക് തന്നെ പോകാമെന്നുള്ള തീരുമാനത്തിൽ എത്തി. അടുത്ത ദിവസം ഉച്ച കഴിഞ്ഞപ്പോൾ അബ്ദുന്റെ അടുത്ത മെസ്സേജ് ഞാൻ ഡീൽ ആണ് ബാക്കി കാര്യങ്ങൾ സെറ്റ് ആക്കിക്കോ എന്ന്. പിറ്റേ ദിവസം തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. അല്ലെങ്കിൽ അവൻ എങ്ങാനും മുങ്ങിയാലോ :-p  വളരെ കുറഞ്ഞ ചിലവിൽ പോകണം എന്നുള്ളതായിരുന്നു പ്ലാൻ. പക്ഷെ അവന് ഒരാഴ്ചയിൽ കൂടുതൽ ലീവ് എടുക്കാൻ പറ്റാത്തത് കൊണ്ടിട്ട് അങ്ങോട്ട് ഫ്ലൈറ്റിനു പോകാമെന്നു വിചാരിച്ചു. ടിക്കറ്റ് റേറ്റ് നോക്കിയപ്പോൾ 3350 രൂപ. ഉള്ളതിൽ ഏറ്റവും കുറഞ്ഞ റേറ്റ് ഉള്ള ദിവസം നോക്കി ബുക്ക് ചെയ്തു. (ടിക്കറ്റ് ബുക്ക് ചെയ്തത് Goibibo ൽ നിന്നും ആണ് )  പോകേണ്ട ദിവസം ഒഴിച്ച് മറ്റൊന്നും പ്ലാൻ ചെയ്തില്ല. അപ്പോൾ തോന്നുന്നത് പോലെ പോകാമെന്ന് വിചാരിച്ചു. പോകുന്നതിനു മുന്നേ കുറച്ച് മുൻകരുതൽ ആവണമെന്നുള്ളത് കൊണ്ട് decathlon ൽ നിന്നും തെർമൽ വെയറും ജാക്കറ്റും ഷൂസുമൊക്കെ വാങ്ങി. ( തെർമൽ വെയർ  ഇല്ലായിരുന്നെങ്കിൽ പെട്ട് പോയേനെ) അങ്ങനെ ജനുവരി 19 ശനിയാഴ്ച്ച രാവിലെ 4 മണിക്ക് തന്നെ വീട്ടിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്തു 6 മണിക്ക് എയർപോർട്ടിൽ എത്തണം. 5 മണിവരെ വിളിച്ചിട്ടും അബ്ദു ഫോൺ എടുക്കുന്നില്ല. മുൻപ് ഒരിക്കൽ പോയത് കൊണ്ട് അവന്റെ വീട് ചെറിയൊരു ഊഹം ഉണ്ട് അവിടെ ചെന്ന് പൊക്കിക്കൊണ്ട് പോകാമെന്ന് വെച്ച് വണ്ടി നേരെ ആലുവക്ക് വിട്ടു. വൈറ്റില ആയപ്പോഴേക്കും ചെക്കൻ തിരിച്ച് വിളിച്ചു ഫോൺ സൈലന്റ് ആയിരുന്നുത്രേ. 5.45 ആയപ്പോൾ ആലുവ എത്തി.  അവനെയും പൊക്കി അപ്പോൾ തന്നെ  വെബ് ചെക്ക് ഇൻ ചെയ്തു. ഇനിയെന്തായാലും 6.30 ന് കേറിയാൽ മതിയല്ലോ. അത്താണിയിൽ ചെന്നൊരു ചായ ഒക്കെ കുടിച്ച് പതിയെ നീങ്ങി.6 .25  ആയപ്പോൾ എയർപോർട്ട് എത്തി. സെൽഫി എടുപ്പും കഴിഞ്ഞു അകത്തേക്ക് എത്തിയപ്പോൾ ജെറ്റ് എയർവെയ്‌സ് കൗണ്ടർ ആരും ഇല്ല. ക്ലോസ് ചെയ്ത് പോകാനുള്ള തയ്യാറെടുപ്പാണെന്നു അറിഞ്ഞതോടെ ഓടി ചെന്നു. ചെന്നപ്പോൾ ദേ കിടക്കുന്നു. കയ്യിലുള്ള ബാഗ് വെയിറ്റ് കൂടുതൽ ആണ്. അത് ലെഗേജിൽ വിടണമെന്ന്. പണി പാളി. വേഗം പോയി ടാഗ് അടിച്ചിട്ട് വരാൻ പറഞ്ഞു അവരോടിച്ചു. ലാപ്ടോപ്പ് എടുത്ത് കയ്യിൽ പിടിച്ചിട്ട് നേരെ കേറി. സമയം ആയി ഇപ്പോൾ ഗേറ്റ് ക്ലോസ് ചെയ്യും വേഗം ചെല്ലാൻ പറഞ്ഞു. അവിടുന്ന് പിന്നെ ഓടെട ഓട്ടം ആയിരുന്നു. ചെന്നപ്പോൾ ഭാഗ്യത്തിന് എല്ലാവരും ബസ് കാത്ത് നിക്കുന്നത് കണ്ടു. അപ്പോൾ സമാധാനമായി.

അവിടെ നിന്ന് ബസ്സിൽ കയറി നേരെ ഫ്ലൈറ്റിലേക്ക്. വിൻഡോ സീറ്റ് കിട്ടാത്തതിൽ വിഷമിച്ച് അബ്ദു നടുക്കും ഞാൻ സൈഡിലും ഇരുന്നു. അടുത്തിരിക്കുന്ന മച്ചാന്മാരെല്ലാം ഹിമാലയം,മണാലി , നേപ്പാൾ ഒക്കെ പോകുന്നവർ. പറഞ്ഞ സമയത്ത് തന്നെ ഫ്ലൈറ്റ് പറന്നു. രാവിലെ എണീറ്റ് ശീലമില്ലാത്തത് കൊണ്ട് നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു. അതുകൊണ്ട് കുറച്ച് ആയപ്പോഴേ ഞാൻ ഉറങ്ങി. പിന്നെ ഒരു കുഴിയിൽ ചാടിയപ്പോൾ ആകപ്പാടെ ഫ്ലൈറ്റ് ഒന്ന് കുലുങ്ങി അപ്പോൾ ഉണർന്നു.എന്താകുമോ എന്തോ  🙂 10.30 ആയപ്പോഴേക്കും ഡൽഹി എത്തി. ഇതിനു മുൻപ് പല തവണ അബ്ദു ഡൽഹിയിൽ വന്നിട്ടുണ്ടെങ്കിലും പുറത്തേക്കുള്ള വഴി പോലും ചെക്കന് കാര്യമായി  അറിയില്ല. ചോദിച്ചപ്പോൾ മുൻപ് വന്നിട്ടുള്ളത് ടെർമിനൽ 2 ൽ ആണത്രേ. നടക്കുന്നവഴിയില കാണുന്ന മലയാളി മച്ചാന്മാരെല്ലാം തന്നെ നോർത്ത് ഇന്ത്യ  ട്രിപ്പ് വന്നത്.  നേരെ ബാഗേജ് എടുക്കാനായി പോയി. കുറച്ച് ദൂരം നടക്കാനുണ്ട് . 10 മിനിറ്റ് അവിടെ പോസ്റ്റ്. അവിടെ നിന്നും നേരെ പുറത്തക്ക് ഇറങ്ങി. ഇനി പോകേണ്ടത് ന്യൂ ഡൽഹിയിലേക്കാണ്. മെട്രോ നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഡൽഹിയിൽ പോകുന്നവർ എയർപോർട്ടിൽ നിന്നും ഇറങ്ങിയാൽ ഓട്ടോ ഡ്രൈവേഴ്‌സിനോടും ടാക്സിയോടൊന്നും പോയി മെട്രോ സ്റ്റേഷൻ തിരക്കരുത്. നല്ല രീതിക്ക് ഇട്ട് കറക്കും. അവിടെ പോലീസിനോട് തിരക്കിയാൽ മതി അതാകും ഏറ്റവും  നല്ലത്. പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അത്യാവിശം നല്ല തണുപ്പായി. മെട്രോ സ്റ്റേഷൻ ടെർമിനൽ 3ൽ നിന്നും നടക്കാനുള്ള ദൂരമേ ഉണ്ടായുള്ളൂ. അവിടെ ചെന്ന് നേരെ ന്യൂ ഡൽഹി ടിക്കറ്റ് എടുത്തു ഒരാൾക്ക് 60രൂപ. ഒരു ചെറിയ ടോക്കൺ ആണ് അവിടുത്തെ ടിക്കറ്റ്. കൊച്ചി മെട്രോയിൽ കയറിയിട്ടില്ലെങ്കിലും ഡൽഹി മെട്രോയിൽ കയറാൻ പറ്റി 🙂 20 മിനിറ്റ് ന്യൂഡൽഹി എത്തി. അവിടെ നിന്നും ന്യൂ കല്യാന്മാർഗ് മെട്രോ സ്റ്റേഷനിലേക്ക് അടുത്ത കേറണം. യെല്ലോ ലൈൻ പിടിച്ച് നേരെ നടന്നു. ഒരു കാര്യം വിട്ടു പോയി. ഡൽഹി ചെന്നിറങ്ങിയത് മുതൽ ചെക്കിങ്ങിനു ഒരു കുറവുമില്ല. മെട്രോ ഇത് കേറാൻ ഫുൾ ചെക്ക് ചെയ്യും അടുത്തിടത്തോട്ട് പോകണേൽ അതിനപ്പുറത്തെ ചെക്കിങ്. ഹോ ഒരു പരുവമായി. 12 മണി അടുത്തയപ്പോൾ ന്യൂ കല്യാന്മാർഗ് എത്തി. അവിടെ അടുത്ത് പൊളി ടെക്‌നിക്കിൽ കൂടെ പഠിച്ച രേവതിയും അവളുടെ കെട്ടിയോനും ഉണ്ട്. അവിടെ എയർഫോഴ്‌സിൽ ആണ് അവളുടെ കെട്ട്യോൻ വൈശാഖ് ജോലി ചെയ്യുന്നത്. ഞങ്ങൾ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ തന്നെ അളിയൻ അവിടെ 2 ബൈക്ക് ഒക്കെ സെറ്റ് ആക്കി വെച്ചു. മെട്രോ ഇറങ്ങിയിട്ട് ഓട്ടോ കയറി അവരുടെ കോട്ടേഴ്‌സിൽ എത്തി. ബാഗ് അവിടെ വെച്ചിട്ട് അടുത്തുള്ള സ്ഥലങ്ങളിൽ കുറച്ച് കറങ്ങാനും പോകണം മാർക്കറ്റിൽ നിന്നും കുറച്ച് സാധനവും വാങ്ങണമായിരുന്നു. അതിനൊക്കെ മുൻപ് ഭക്ഷണത്തെ കഴിക്കണം. ആദ്യം ബൈക്കും എടുത്ത് നേരെ കേരളാ ഹൗസ് ക്യാന്റീനിലേക് പോയി. ചെന്നപ്പോൾ നല്ല ഒന്നാന്തരം ക്യു… വൈശാഖ് മച്ചാൻ ആയിരുന്നു അവിടുത്തെ സ്പോൺസർ. 🙂 എല്ലാവർക്കും ഊണും പോത്ത് ഫ്രൈയും. (അവിടെ ബീഫ് എന്ന് പറയാൻ പറ്റില്ലത്രേ.) ഡൽഹിയിൽ നാടൻ ഭക്ഷണം കഴിക്കേണ്ടവർക്ക് കേരളാ ഹൗസ് കാന്റീനിൽ വന്നു കഴിക്കാം. 40 രൂപക്ക് നല്ല കിടിലൻ ഊണും 60 രൂപക്ക് നല്ല ബീഫ് ഫ്രൈയും കിട്ടും. അവിടെ നിന്നും ഇറങ്ങിയിട്ട് നേരെ ഇന്ത്യ ഗേറ്റ് കാണാൻ പോയി.

Raj bhavan New delhi
Raj bhavan New delhi

നിർഭാഗ്യവശാൽ അവിടെ റിപ്പബ്ലിക്ക് ഡേ പ്രമാണിച്ച്  ഇന്ത്യ ഗേറ്റിന്റെ അടുത്തേക്ക് പോകാൻ പറ്റില്ലായിരുന്നു. അവിടെ കുറച്ച് നേരം നിന്ന് കറങ്ങി നേരെ രാജ് ഭവൻ കാണാൻ പോയി. അവിടെ ചെന്നപ്പോൾ പരേഡ് പ്രാക്ടീസ് നടക്കുന്നു. കുറെ ആഗ്രഹിച്ചിട്ടുണ്ട് റിപ്പബ്ലിക്ക് ഡേ പരേഡിൽ ഒന്ന് പങ്കെടുക്കാൻ. എന്ത്  ചെയ്യാൻ അതിനുള്ള ഭാഗ്യം കിട്ടിയില്ല.  കുറച്ച് നേരം നിന്ന് പരേഡ് കണ്ടു. രേവതി അവിടെ ഉണ്ടായത് കാര്യമായി. ഇല്ലായിരുന്നെങ്കിൽ വണ്ടിക്കൂലി തന്നെ കുറെ പൊട്ടിയേനെ. <3  രാജ്ഭവനും പാർലമെന്റുമൊക്കെ കണ്ട് കുറച്ച് ഫോട്ടോയും പിടിച്ച് നേരെ SN (സരോജിനി നഗർ )മാർക്കറ്റിലേക്ക് .  അതിനകത്തേക്ക് കയറിയപ്പോൾ ആലപ്പുഴയിൽ മുല്ലക്കൽ ചിറപ്പിനു പോയൊരു അവസ്ഥ. അത്ര തിരക്ക്. കുറച്ച് ഹിന്ദി അറിയാമെങ്കിൽ പൊളിക്കും. 300 ,400 രൂപക്ക് നല്ല ഒന്നാന്തരം ജാക്കറ്റ് . ഒന്നും വാങ്ങിക്കാതെ വന്ന അബ്ദു ബുദ്ധിമാൻ. അവൻ അവിടെ നിന്നും 400 രൂപക്ക് ജാക്കറ്റും വാങ്ങി 200 രൂപക്ക് തെർമൽ വെയറും വാങ്ങി. അവിടെ നിന്നാൽ സമയം പോകുന്നത് അറിയൂല. ഒരു ഉത്സവത്തിന് പോകുന്നതിനേക്കാൾ തിരക്ക്. ഒരു മണിക്കൂറോളം അവിടെ നിന്നു കറങ്ങി. കുറച്ച് നേരം അവിടെ നിന്ന് കറങ്ങിയാൽ നമ്മുടെ ഡ്യൂപ്ലിക്കേറ്റ് അടിച്ച് തരും അമ്മാതിരി കോപ്പി ഐറ്റംസ്. അവിടെ നിന്നും കേരള സ്ട്രീറ്റിലേക്ക് പോയി ചായ കുടിക്കാൻ. ആ ഏരിയ ഫുൾ മലയാളികൾ ആണ്. വൈകിട്ട് അവിടെ നിന്നും മണാലി  പോകാനായിരുന്നു പ്ലാൻ.

കാശ്മീർ ഗേറ്റ് പോയിട്ട് അവിടെ നിന്നും ഹിമാചൽ ട്രാൻസ്‌പോർട്ട് ബസിൽ പോകാനായിരുന്നു പ്ലാൻ. ചുമ്മാ ഒന്ന് redbus എടുത്ത് നോക്കിയപ്പോൾ അതെ റേറ്റിന് വോൾവോ കിടക്കുന്നു. ഒന്നും നീക്കിയില്ല അങ്ങ് ബുക്ക് ചെയ്തു.7.30 കേറിയാൽ രാവിലെ 8.30 നു മണാലി എത്തും. സമയം കളയണ്ടാന്ന് വെച്ച്  വേഗം ചായയും കുടിച്ച്. നേരെ കോട്ടേജിലേക്ക് പോയി. നല്ല പൊടി ആയിരുന്നത് കൊണ്ട് അവിടെ നിന്നും ഒരു ഫ്രഷ് ആയിട്ട് വൈശാഖ് ബ്രോ വിളിച്ചോണ്ട് വന്ന ഓട്ടോയിൽ കയറി നേരെ ന്യൂ കല്യാന്മാർഗ്  മേത്രോ സ്റ്റേഷനിലേക്ക്. അവിടെ നിന്നും വിശ്വവിദ്യാലായ് മെട്രോ സ്റ്റേഷനിലേക്ക് മെട്രോ കയറി.  മെട്രോ സ്റ്റേഷന്റെ തോട്ടത്തടുത്ത് തന്നെയായിരുന്നു ബസ്സ് ബോർഡിങ് പോയിന്റും. നേരെ ഓടിപോയി ബസ്സിൽ കയറി.

ബാക്കി അടുത്ത ആഴ്ച്ച,…. 🙂

 

Leave A Reply

Your email address will not be published.

You cannot copy content of this page