നോർത്ത് ഇന്ത്യ ട്രിപ്പ് പാർട്ട് 3 മണാലിയിലെ ജിന്ന് ബാബുക്കയുടെ തട്ടകത്തിലേക്ക്.

0

കഴിഞ്ഞ പാർട്ടിൽ നമ്മൾ എത്തി നിന്നിരുന്നത് മണാലിയുടെ ഹൃദയഭാഗമായിരുന്ന മാൾ റോഡിൽ ആയിരുന്നു. അവിടെ നിന്നും ഓട്ടോയിൽ വേണം ഇനി നമ്മുക്ക് വശിഷ്ട്ട് വരെ എത്താനായിട്ട്. ഓട്ടോയിൽ 200 രൂപയാണ് ചാർജ്. ഓട്ടോയൊക്കെ ഒരു വെറൈറ്റി സ്റ്റൈൽ ആണ്. ചുറ്റും മറച്ച രീതിയിൽ ആണ് മണാലിയിലെ ഒട്ടുമിക്ക ഓട്ടോയും. ആ തണുപ്പിൽ ഇല്ലെങ്കിൽ ആകെ പെടും. ഓട്ടോയിൽ കേറുന്നതിനു മുന്നേ എത്ര രൂപ ആകും എന്ന് ചോദിക്കണം എന്ന് പറഞ്ഞിരുന്നത് കൊണ്ട് കേറുന്നതിനു മുൻപ് തന്നെ എത്ര രൂപ ആകും എന്നത് ചോദിച്ച് ഉറപ്പു വരുത്തി. മറ്റൊന്നുമല്ല ടൂറിസ്റ്റുകൾ ആയത് കൊണ്ട് നല്ല അറുത്ത് പൈസ വാങ്ങിക്കാൻ സാധ്യത കൂടുതൽ ആണ്. അത് ഡൽഹി മുതലേ മനസ്സിലായൊരു കാര്യമാണ്. മാൾ റോഡിൽ നിന്നും ഒരു 20 മിനിറ്റ് യാത്രയുണ്ട് വശിഷ്ട്ട് വരെ എത്താനായിട്ട്. പ്രളയത്തിൽ തകർന്ന നിലയിലുള്ള റോഡുകൾ. പോകുന്ന വഴിയിൽ കാണുന്ന പാലങ്ങളിൽ എല്ലാം ടിബറ്റൻ ഫ്ലാഗ്‌സ് ഒക്കെ ആയിട്ട് പൊളി വൈബ്. മുന്നിൽ നീണ്ടു നിവർന്നു മഞ്ഞിൽ മൂടി കിടക്കുന്ന മല നിരകൾ. കുലുങ്ങി കുലുങ്ങി വശിഷ്ട്ട് ക്ഷേത്രത്തിന്റെ മുന്നിൽ എത്തി. ക്ഷേത്രത്തിനു മുന്നിൽ വന്നിട്ട് വിളിക്കാൻ ആയിരുന്നു പറഞ്ഞിരുന്നത്. നല്ല സമയം ആയത് കൊണ്ട് തന്നെ വിളിച്ചിട്ട് പുള്ളി പരിധിക്ക് പുറത്താണ് എന്നാണ് പറയുന്നത്. ഇനി എന്ത് ചെയ്യുമെന്ന് ഒരു തിട്ടവുമില്ല. എന്തായാലും സമയം ഉണ്ട്. വശിഷ്ട്ട് ക്ഷേത്രമൊക്കെ ഒന്ന് കയറി കണ്ടേക്കാമെന്നു വിചാരിച്ചു. വശിഷ്ട്ട് വരുന്നവരും അവിടെ സ്ഥിര താമസക്കാരുമൊക്കെ ഈ ക്ഷേത്രത്തിന്റെ അടുത്ത് വന്നിട്ടാണ് ശൈത്യ കാലത്ത് കുളിക്കുന്നത്. ഇവിടെ ഏതു സമയവും ചൂട് വെള്ളം ലഭിക്കുന്ന ഒരു മഹാ അത്ഭുതം ക്ഷേത്രത്തിന്റെ പിന്നിലായി ഉണ്ട്. ആ സൈഡിലൂടെ മുകളിലേക്ക് ഒരു വഴിയും കാണാം. താഴത്തായി കുറച്ച് കടകളൊക്കെ ഉണ്ട്. അവിടെ ആരോടെങ്കിലും ബാബുക്കയുടെ ഫാമിലേക്ക് പോകുന്ന വഴി അറിയാമോ എന്ന് ചോദിയ്ക്കാൻ തീരുമാനിച്ചു. 2 ,3 കടകളിൽ ചോദിച്ചിട്ടും ആർക്കും അറിയില്ല. ആളവിടെ വേറെ ഒരു പേരിൽ ആണ് അറിയപ്പെടുന്നെ. അവസാനം ചോദിച്ച കടയിലെ പുള്ളി പറഞ്ഞു അമ്പലത്തിനു അരികിലൂടെ കിടക്കുന്ന വഴിയിൽ നേരെ മുകളിലേക്ക് പോയാൽ മതി. കുറച്ച് മുകളിലേക്ക് നടക്കാൻ ഉണ്ട് എന്നും അവസാനം പറഞ്ഞു. അബ്ദു എല്ലാം കേട്ട് മനസ്സിലാക്കി മുന്നിൽ നടന്നു. നടന്നു ഏതോ ഒരു വീടിന്റെ മുന്നിൽ എത്തി. ഇനി എങ്ങോട്ടും വഴി ഇല്ല. തിരിച്ച് ഇറങ്ങി കുറച്ചായപ്പോൾ ഒരു മലയാള ശബ്ദം കേട്ട്. കുറച്ചു മച്ചാന്മാർ മുകളിൽ നിന്നും ഇറങ്ങി വരുന്നു. ഞങ്ങൾ പോയ വഴി അല്ല മറ്റൊരു വഴി. ബ്രോ ന്നു വിളിച്ചപ്പോൾ തന്നെ അവരുടെ മറുപടി ബാബുക്കയുടെ അടുത്തേക്കാണോ ?? അവര് അവിടെ 2 ദിവസം ഉണ്ടായിരുന്ന മച്ചാന്മാരാ.  വഴിയൊക്കെ കാട്ടി തന്നിട്ട് നേരെ മുകളിലേക്ക് നടന്നോളാൻ പറഞ്ഞു. ആദ്യത്തെ പോക്കായത് കൊണ്ട് ആവിശ്യത്തിലധികം ഭാരമുണ്ട് ബാഗൊക്കെ. ഉള്ള ഡ്രസ്സ് മുഴുവൻ ഉണ്ട്. അതൊക്കെ ചുമന്നു മുകളിലേക്ക് നടക്കുന്നത് അത്ര സുഖമുള്ള എടപാടല്ല.

Babukkas Farm house നടക്കുന്ന വഴിയിലൊക്കെ മഞ്ഞു കട്ടകൾ കിടക്കുന്നത് ഒരു കൗതുകം ഉണർത്തി. കുറച്ചു മുകളിലേക്ക് നടന്നപ്പോൾ വേറെ 2 മച്ചാന്മാരെ കണ്ടു. അവരെ ആണ് ഞങ്ങൾ വിളിച്ചിരുന്നത്. ആശാന്റെ ഫോണിൽ നെറ്റ്‌വർക്ക് പ്രോബ്ലം ആയത് കൊണ്ടാണ് കിട്ടാഞ്ഞത്. ഇനി കുറച്ചൂടെ മുകളിലേക്ക് പോയാൽ മതി. അങ്ങോട്ട് കേറി ചെല്ല് ഞങ്ങൾ കടയിൽ പോയിട്ട് വന്നേക്കാം എന്നും പറഞ്ഞു അവർ താഴേക്ക് നീങ്ങി. മുകളിലേക്ക് കയറും തോറും തണുപ്പ് തീരെ സഹിക്കാൻ പറ്റാതെ ആയി. ഏകദേശം 1.30 കിലോമീറ്ററോളം ഉണ്ട് വശിഷ്ട്ട് നിന്നും ബാബുക്കയുടെ തട്ടകം വരെ. പോകുന്ന വഴി മുഴുവൻ ഇല പൊഴിഞ്ഞ തമിഴ്‌നാട്ടിൽ കണ്ടു വരുന്ന പോലത്തെ മരങ്ങൾ നിൽക്കുന്നുണ്ട്. ആപ്പിൾ മരങ്ങൾ ആണെന്നും ശൈത്യ കാലമാകുമ്പോൾ ഇതിലെ ഇലകൾ മുഴുവൻ പൊഴിയുമെന്നും പിന്നീട് അറിഞ്ഞു.Apple farm manali

അപ്പോൾ നമ്മൾ പറഞ്ഞു വന്നത് തട്ടകം. കുറച്ച് മുന്നിലോട്ട് നീങ്ങിയപ്പോൾ ഇടത് വശത്ത് മുകളിൽ ആയി തടി വെച്ചുണ്ടാക്കിയ ഒരു ചെറിയ കൂര കാണാം. വേറെ അടുത്തൊന്നും വീടുകളൊന്നുമില്ല. അപ്പോൾ അത് തന്നെ നമ്മുടെ ജിന്നിന്റെ തട്ടകം എന്നുറപ്പിച്ചു. ഒരു വിധത്തിൽ വലിഞ്ഞു കയറി ആ വീടിന്റെ അടുത്ത എത്തി. അപ്പോൾ അതാ താഴെ ഒരു സൈൻ ബോർഡ് വീട്ടിലേക്ക് നോക്കി വെച്ചിട്ടുണ്ട്. അതിൽ എഴുതിയിരിക്കുന്നു “കേറി വാടാ മക്കളെ ”

babukkas farm house

ഹോ ആ ബോർഡ് കണ്ടപ്പോൾ ഉണ്ടായൊരു സന്തോഷം എന്താ സാറേ.. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. മുന്നിലേക്ക് ചെന്നപ്പോൾ സ്വാഗതം ചെയ്യാനായി ഹസ്കി ഇനത്തിൽ പെട്ട ഒരു നായ കുട്ടി വന്നു. ഷേഡി എന്നാ ആളുടെ പേര്. വരുന്ന എല്ലാ സഞ്ചാരികളുമായും ആള് നല്ല കൂട്ടാ.

Manali Farm house

കേറി ചെന്നപ്പോൾ ബാബുക്ക അവിടെ ഉണ്ടായിരുന്നില്ല. വേറെ 2,3 മച്ചന്മാർ ഉണ്ടായിരുന്നു അവിടെ. ഞങ്ങളെ പോലെ തന്നെ വന്നവരാ. ഞങ്ങളെയും കൂട്ടി മുകളിലത്തെ നിലയിലേക്ക് കയറി. അവിടെ ആണ് അതിഥികൾക്ക് ഉള്ള താമസ സൗകര്യം.ആ മുറിയുടെ അകത്ത് കയറിയപ്പോൾ തന്നെ മൈൻഡ് ഒക്കെ വേറെ ഒരു ലോകത്തേക് മാറി. ചാർലി സിനിമ പെട്ടെന്ന് മനസിലേക്ക് വന്നു. ഒട്ടും താമസിക്കാതെ തന്നെ ബാഗിൽ നിന്നും തെർമലും മറ്റുമൊക്കെ എടുത്ത് കേറ്റി. ഒരു വിധത്തിലും പിടിച്ചു നിക്കാൻ പറ്റുന്നില്ല. അങ്ങനെ ആ റൂമിനുള്ളിൽ ഇരിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന സുധീർ ഭായ് 2 പേർക്കും ഓരോ ബ്ലാക്ക് ടി കൊണ്ട് തന്നു. ആ കൊടും തണുപ്പിൽ ഒരു ചായ വല്ലാത്തൊരു ആശ്വാസം തന്നെ ആയിരുന്നു. അങ്ങനെ അതും കുടിച്ചു കുറച്ചു നേരം കിടന്നുറങ്ങി. കണ്ണ് തുറന്നു നോക്കിയപ്പോൾ മുന്നിൽ അതാ ജിന്ന് നിക്കുന്നു. ചാടി എണീറ്റപ്പോൾ റസ്റ്റ് എടുക്ക് പിന്നെ പരിചയപ്പെടാന്നും പറഞ്ഞു ആളെങ്ങോട്ടോ പോയി. അപ്പോഴേക്കും നമ്മുടെ മച്ചാന്മാർ തിരിച്ചു വന്നിട്ടുണ്ടായി. അവരുടെ കഥകളൊക്കെ കേട്ടപ്പോൾ യാത്ര ഒരു അത്ഭുതമായി തോന്നി. മാസത്തിൽ 3 ദിവസം മാത്രമാണ് ആശാന്മാർ വീട്ടിൽ നിക്കുന്നത്. ജോലിയുടെ ഭാഗമായി ബാക്കി ദിവസങ്ങൾ ഇങ്ങനെ കറങ്ങി നടക്കും.. എന്താലേ… കുറെ സമയം അവരുടെ യാത്ര അനുഭവങ്ങളൊക്കെ കേട്ടിരുന്നു. കുറച്ച് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ ബാബുക്ക താഴെ നിന്ന് വിറക് അടുക്കുന്നു. പിന്നെ ഞങ്ങൾ മാത്രം മാറി റൂമിൽ കയറി ഇരിക്കുന്നത് ശെരിയല്ലലോ… കൂടെ ഞങ്ങളും സഹായത്തിനായി ഇറങ്ങി. പണിയൊക്കെ കഴിഞ്ഞു വീണ്ടും ഞങ്ങൾ മുകളിൽ എത്തി. ഒരു 30 മിനിറ്റ് കഴിഞ്ഞപ്പോൾ ബാബുക്കയുടെ വിളി വന്നു. ഭക്ഷണം കഴിക്കാൻ വരാൻ. നല്ല ഒന്നാന്തരം ചിക്കൻ ബിരിയാണി. അവിടെ വരുന്നവർക്ക് ഫുഡും താമസവും ഫ്രീ ആയി നൽകും. നമ്മൾ കയ്യിൽ ഉള്ളത് പോലെ എന്തെങ്കിലും സാധനം വാങ്ങി കൊടുത്താൽ മതി തിരിച്ച് പോരുമ്പോൾ. അന്നത്തെ ദിവസം പിന്നെ എങ്ങോട്ടും പോകാനുള്ള മൂഡ് എനിക്കില്ലായിരുന്നു. ഞാൻ മുകളിൽ ഒരു മൂലക്ക് ഒതുങ്ങി.
Watch Full video

ബാക്കി അടുത്ത പാർട്ടിൽ

Leave A Reply

Your email address will not be published.

You cannot copy content of this page