Published On : Feb 27, 2022
നോർത്ത് ഇന്ത്യ ട്രിപ്പ് ഭാഗം 2  ഡൽഹി യിൽ നിന്നും മണാലിയിലേക്ക്.

രു ദിവസത്തെ ഡൽഹി പര്യടനം കഴിഞ്ഞു വൈകിട്ട് മണാലിയിലേക്ക് പോകാനുള്ള ബസിൽ കേറി. ആദ്യത്തെ പാർട്ട് വായിക്കാത്തവർ അത് ആദ്യം വായിച്ചിട്ട് വരിക ഇല്ലെങ്കിൽ ഒന്നും മനസ്സിലാകില്ല. ബസിൽ കേറിയ പാടെ ലാപ് എടുത്ത് അബ്ദു കുറച്ചു പണി ഉണ്ടെന്നും പറഞ്ഞു ഒരു മൂലക്ക് ഒതുങ്ങി. നല്ല ക്ഷീണം ഉള്ളതിനാൽ ഞാൻ വേറെ പണിക്കൊന്നും നിന്നില്ല. കേറിയ പാടെ ഒന്നുറങ്ങാനുള്ള തയ്യാറെടുപ്പ് ആയി. തരക്കേടില്ലാത്ത തണുപ്പ് ആയതിനാൽ കയ്യിൽ ഉണ്ടായിരുന്ന ഒരു പുതപ്പ് എടുത്ത് ഒരു സേഫ്റ്റിക്ക് കയ്യിൽ വെച്ച്. 7 30 പറഞ്ഞെങ്കിലും ബസ് എടുത്തപ്പോൾ 8 മണി കഴിഞ്ഞിരുന്നു.

ഭക്ഷണം കഴിക്കാൻ സമയം കിട്ടുമോ എന്നൊരു സംശയം ഉണ്ടായിരുന്നതിനാൽ കഴിക്കാതെ ആണ് വന്നു ബസിൽ കയറിയത്. ചോദിച്ചപ്പോൾ 11 മണിക്ക് മുൻപായി ഭക്ഷണം കഴിക്കാൻ നിർത്തും എന്ന് ഡ്രൈവർ ഭായ് പറഞ്ഞു.

ബസ് എടുത്ത് കുറച്ച് ആയപ്പോൾ തന്നെ ഞാൻ ഉറങ്ങി. ഇടക്ക് കണ്ണ് തുറന്നു നോക്കുമ്പോൾ അബ്ദു ലാപും കുത്തി ഇരിക്കുന്നത് കാണാം. ഓരോ സംസ്ഥാനങ്ങൾ മാറുന്നതും കാണാം. അങ്ങനെ ഒരു വലിയ ടോളിന്റെ അവിടെ വണ്ടി നിർത്തി. ഭക്ഷണം കഴിക്കാൻ ആകുമെന്നോർത്ത് എണീറ്റപ്പോൾ സംഭവം അതല്ല. കുളു മണാലി തുടങ്ങിയ സ്ഥലത്തൊക്കെ പലചരക്ക്, പഴവർഗങ്ങൾ ഒക്കെ ഈ വണ്ടിയിൽ കയറ്റി വിടും. അത് കയറ്റാൻ വേണ്ടി നിർത്തിയതായിരുന്നു. സമയം 10 മണി കഴിഞ്ഞു. ഒന്ന് പുറത്തിറങ്ങി ടോയ്‌ലെറ്റിൽ ഒക്കെ പോയിട്ട് വന്നു കേറാമെന്നും വിചാരിച്ച് ബസിന്റെ ഡോറിന്റെ മുന്നിൽ എത്തിയപ്പോൾ തണുപ്പ് വല്ലാതെ കൂടിയിരുന്നു. പിന്നെ ഇറങ്ങാൻ നിന്നില്ല. എന്തായാലും ഭക്ഷണം കഴിക്കാൻ നിർത്തും അപ്പോൾ പോകാമെന്നും വിചാരിച്ചു തിരിച്ചു സീറ്റിൽ വന്നു. മണാലിയിലേക്ക് പോകുന്ന ഒട്ടുമിക്ക ബസും രാത്രി ആയതിനാൽ. വോൾവോ ബസ് എടുക്കുന്നതായിരിക്കും നല്ലത്. ഹിമാചൽ ട്രാൻസ്‌പോർട്ട് സർവീസ് ഉണ്ട്. പക്ഷെ അലച്ചിലാകും. ആ ടോളിൽ നിന്നും വണ്ടി എടുത്ത് യാത്ര തുടർന്നു. പിന്നെ ഉറക്കം വന്നില്ല. ഉറങ്ങിയാലും ഉടനെ എണീക്കേണ്ടി വരും എന്നുള്ളത് കൊണ്ട് ഉറങ്ങാൻ നിന്നില്ല. ഒട്ടും താമസിക്കാതെ താഴെ അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്തി. മുന്നിൽ ഒരു ധാബ ഉണ്ട്. ഭക്ഷണം കഴിക്കേണ്ടവർക്ക് കഴിക്കാം 30 മിനിറ്റ് സമയം ഉണ്ടെന്നു പറഞ്ഞു. ജാക്കറ്റും എടുത്ത് പുറത്തിറങ്ങി. ഹോ ബല്ലാത്ത ജാതി തണുപ്പ്. ഓടി പോയി ആ ധാബയിലെ അടുപ്പിന്റെ അരികിൽ മാറി കുറച്ചു നേരം നിന്നും. നോർത്തിൽ പോയി നോൺ വെജ് അതികം പരീക്ഷിക്കണ്ടാന്നു ഒരു സുഹൃത്ത് പറഞ്ഞത് മനസ്സിൽ ഉള്ളത് കൊണ്ട് ആ സൈഡിലേക്ക് നോക്കിയില്ല. നമ്മുടെ റൊട്ടി പോലത്തെ ഒരു സാധനം അടുപ്പിൽ ചുട്ടു മാറ്റുന്നുണ്ട്. എന്ന പിന്നെ അത് തന്നെ കഴിക്കാമെന്നോർത്തു. കൂട്ടത്തിൽ കടല കറിയും. അത്യാവിശം നല്ല റേറ്റ് ആണ് നോർത്തിലേക് മാറിയാൽ ഭക്ഷണത്തിന്. കറി മാത്രം എന്തോ 260 രൂപ ആയി. ഭക്ഷണ നല്ല രുചി ആയിരുന്നത് കൊണ്ട് വലിയ നഷ്ടബോധം തോന്നിയില്ല :-)  കഴിച്ചു കുറച്ച് നേരം കൂടെ ആ അടുപ്പിന്റെ മൂട്ടിൽ നിന്നിട്ട് ഒന്ന് ടോയ്‌ലെറ്റിലും പോയി നേരെ വണ്ടിയിലേക്ക് ഓടി. ഏറ്റവും എടങ്ങേറ് പിടിച്ച ഒരു കാര്യം കൈ കഴിക്കാൻ ചൂട് വെള്ളം ഇല്ലന്നുള്ളതാണ്. ചൂടിനെ എങ്ങനെയെങ്കിലും സഹിക്കാം തണുപ്പ് കൂടിയായാൽ എന്റെ സാറേ.. ഹോ ഓർക്കാൻ കൂടെ വയ്യാ. അങ്ങനെ നേരെ വണ്ടിയിൽ കേറി പുതപ്പെടുത്ത പുതച്ചു മൂടി ഒരു മൂലക്ക് ചുരുണ്ടു. അബ്ദു വീണ്ടും ലാപും എടുത്ത് ഇരുന്നു. വലിയ ബ്ലോഗർ ആയത് കൊണ്ട് ആശാന്റെ പണി മൊത്തം പച്ച പാതിരാക്കാണ്. ഞാൻ മാറി കെടന്നു ഉറങ്ങി. പിന്നെ ബോധം വീണത് വെളുപ്പിനെ 6 30 ആയപ്പോൾ ആണ്.

ഇടുങ്ങിയ റോഡ് വലത് വശത്ത് നല്ല ആഴത്തിലുള്ള കൊക്ക.. താഴെ ഒരു നദി ഒഴുകുന്നത് കാണാം. ഇടത് വശത്തു മലനിരകളും. വണ്ടി മുന്നോട്ട് പോകും തോറും വെളുത്ത നിറത്തിലെ മലനിരകൾ. മുന്നിൽ കാണാൻ സാധിക്കുന്നുണ്ട്. ഏകദേശം 10 കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും വണ്ടി ഒരു സ്ഥലത്ത് നിർത്തി. കടയുടെ ബോർഡ് നോക്കിയപ്പോൾ കുളു. നമ്മൾ ആദ്യം വണ്ടിയിൽ കേറ്റിയെന്നു പറഞ്ഞ സാധങ്ങൾ ഇവിടെ ഇറക്കിയിട്ടാണ് പോകുക. അപ്പോൾ എന്തായാലും സമയം ഉണ്ട്. പുറത്തോട്ട് ഒരു രക്ഷയുമില്ലാത്ത കാഴ്ചയാണ്. ബിയാസ് നദിയുടെ മനോഹരമായൊരു വ്യൂ അവിടെ നിന്നാൽ കിട്ടും. പിന്നെ തണുപ്പൊന്നും നോക്കിയില്ല ചാടി പുറത്ത് ഇറങ്ങി.

Beas River

തണുപ്പിന്റെ കാഠിന്യം വല്ലാതെ കൂടിയിരുന്നു. പക്ഷെ മുന്നിലുള്ള കാഴ്ച്ചയിൽ അതൊക്കെ കാര്യമാക്കാതെ നിന്ന്. 10 , 15 മിനിറ്റ് കഴിഞ്ഞപ്പോൾ ഡ്രൈവറുടെ വിളി വന്നു. വണ്ടി എടുക്കാൻ പോകുകയാണ് എല്ലാവരും വന്നു വണ്ടിയിൽ കേറാൻ പറഞ്ഞു. പിന്നെ സമയം കളയാതെ നേരെ വണ്ടിയിൽ വന്നു കയറി. കുളുവിൽ നിന്നും മണാലി വരെ ഒരു മണിക്കൂറത്തെ യാത്രയെ ഉള്ളു. വേറെ ഒരു വലിയ പ്രവേശനം ഉള്ളത് മഞ്ഞു വീഴ്ച്ച ഉള്ള സമയം ആണെങ്കിൽ റോഡിലൊക്കെ മഞ്ഞു വീണു മൂടി പോകാനുള്ള സാദ്യതയുണ്ട്. ആ സമയം കുളു വരെയേ പോകാൻ പറ്റൂ എന്നൊക്കെ പറഞ്ഞു കേട്ടു.

Beas River Manali

ഞങ്ങൾ പോയപ്പോൾ എന്തായാലും വലിയ പ്രശ്നം ഉണ്ടായില്ല. ഏകദേശം 8 മണി ആയപ്പഴേക്കും മണാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി. അബുദുന്റെ ഒരു സുഹൃത്ത് മുഖേന മണലിൽ താമസ സൗകര്യം സെറ്റായിട്ടുണ്ടായിരുന്നു. പക്ഷെ അവിടെ ചെന്നിട്ട് വിളിച്ചപ്പോൾ പരിധിക്ക് പുറത്ത് ആണെന്നാണ് പറയുന്നത്. ബസിൽ നിന്ന് പുറത്തിറങ്ങിയിട്ട് ഒരു വിധത്തിൽ നിക്കാൻ പറ്റുന്നില്ല. ഇതുവരെ അനുഭവിച്ചുട്ട തണുപ്പിന്റെ ഏറ്റവും അറ്റത്തെ അവസ്ഥ. ഒന്ന് ടോയ്‌ലെറ്റിൽ പോകണം ഫ്രഷ് ആകണം. അവിടെ സെറ്റ് ആയിട്ടുള്ള റൂം എവിടെ എന്നുള്ളത് പോലും അറിയില്ല. ഒരുപാട് സമയം അവിടെ അങ്ങനെ നിക്കാൻ മനസ്സനുവദിച്ചില്ല. തൊട്ടു മുന്നിൽ കണ്ട ഒരു ഹോട്ടലിൽ ചെന്ന് റൂമിന്റെ റേറ്റ് തിരക്കി. 700 രൂപ അതെടുക്കാം എന്നും വിചാരിച്ചു കേറിയപ്പോൾ നേരത്തെ പറഞ്ഞ അബ്ദുൽ സുഹൃത്ത് പറഞ്ഞ ആള് വിളിച്ചു. ഞങ്ങൾ അവിടെ എത്തിയെന്നു പറഞ്ഞപ്പോൾ അവിടെ നിന്നും ഓട്ടോയിൽ വശിഷ്ട്ട് വന്നിട്ട് വിളിക്കാൻ പറഞ്ഞു. എന്നാൽ പിന്നെ അങ്ങോട്ട് പോകാമെന്ന് വിചാരിച്ചു. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന ടോയ്‌ലെറ്റിൽ കയറി പ്രഭാത കർമങ്ങൾ ഒക്കെ കഴിഞ്ഞു ഫ്രഷ് ആയി മാൾ റോഡ് വഴി നടന്നു. ഭക്ഷണം കഴിച്ചിട്ട് പോകാമെന്നും വിചാരിച്ചു ആദ്യം കണ്ട തരക്കേടില്ലാത്ത ഒരു റെസ്റ്റോറന്റിൽ കയറി. മസാല ദോശ പറഞ്ഞു. റെസ്റോറന്റിന്റെ ലുക്ക് ഒക്കെ കണ്ടപ്പോൾ കിടു ഫുഡ് ആകും എന്നോർത്ത്. എന്റെ പൊന്നു സുഹൃത്തുക്കളെ ഇത്ര വൃത്തികെട്ട മസാല ദോശ ഇതിനു മുന്നേ ഞാൻ കഴിച്ചിട്ടില്ല. പകുതി പോലും കഴിക്കാതെ ഞാൻ മാറി ഇരുന്നു. അങ്ങനെ ഇരുന്നപ്പോൾ ആണ് അബ്ദു പറയുന്നത് നമ്മൾ ഇന്ന് താമസിക്കാൻ പോകുന്നത് മണാലിയിലെ ജിന്ന് എന്നറിയപ്പെടുന്ന ബാബുക്കയുടെ ആപ്പിൾ ഫാമിലാണെന്നു. തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ കേട്ടിട്ടില്ലേ അത് തന്നെ സംഭവിച്ചത് ഫിയാൽ റാവൻ പോളാർ എക്സ്പെഡിഷനുമായി ബന്ധപ്പെട്ട് ആള് കത്തി നിക്കുന്ന സമയത്ത് ആണ്  ആ തട്ടകത്തിലോട്ട് പോകുന്നത് .  ഇന്ന് പൊളിക്കും.....

Watch video :

ബാക്കി അടുത്ത പാർട്ടിൽ എഴുതാം :-)

SOCIAL SHARE
Advertisement
HOTEL REVIEWS

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

Mar 22, 2015
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.