Published On : Feb 27, 2022
ബാബുക്കായുടെ തട്ടകത്തിൽ നിന്നും മഞ്ഞിൽ മൂടി കിടക്കുന്ന സോളാങ് വാലിയിലേക്ക്

കഴിഞ്ഞ ഭാഗത്തിൽ നമ്മൾ പറഞ്ഞു നിർത്തിയത് ഒരു നിയോഗം പോലെ നിയോഗ് മച്ചാനെ കണ്ടു മുട്ടിയതായിരുന്നു. അന്നത്തെ ദിവസം ഒരു വിധത്തിൽ തള്ളി നീക്കി. രാത്രി തണുപ്പിന്റെ കാഠിന്യം കൊണ്ട് നല്ലത് പോലെ ഉറങ്ങാൻ പറ്റിയിരുന്നില്ല. കൂടെ ഒരു പനിയുടെ ലക്ഷണം കൂടെ ആയപ്പോൾ തികഞ്ഞു. ഒരു വിധം നേരം വെളുപ്പിച്ചു. 6 മണി ആയപ്പോൾ അബ്ദുന്റെ വിളി വന്നു. ഒരു ട്രെക്കിങ്ങ് പോയാലോ ?? ഒന്നും നോക്കാതെ ചാടി എണീറ്റു കുറച്ച് നടന്നാൽ തണുപ്പിനൊരു ശമനം കിട്ടും. ഇന്നലെ വൈകിട്ട് അവരു പോയ വഴിയിലൂടെ പോയാലോ എന്ന് അബ്ദു. എങ്കിൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ. ഇന്നലെ പോകാൻ പറ്റാതിരുന്നതിന്റെ വിഷമം ഉള്ളിൽ ഉണ്ടായിരുന്നു. ഒന്നും നോക്കണ്ട കേറിക്കോ എന്ന് പറഞ്ഞു. ആപ്പിൾ തോട്ടത്തിന്റെ നടുവിലൂടെ മുകളിലേക്കു പതിയെ നടന്നു തുടങ്ങി. ഓരോ സ്റ്റെപ്പും നടക്കുമ്പോൾ കിതപ്പ് കൂടി വന്നു. അൾട്ടിട്യൂഡ് സിക്നെസ്സ് തരണം ചെയ്യാനുള്ള എന്തെങ്കിലും (Diamox ) കയ്യിൽ കരുതുന്നത് നല്ലതായിരിക്കും. ചിലർക്ക് ആവിശ്യം വന്നേക്കും. അങ്ങനെ നടന്നു ഒരു കിലോമീറ്റർ ആയപ്പോൾ തന്നെ ശരീരം ഒന്ന് ചൂടായി. പോകുന്ന വഴിയിൽ പലയിടത്തും മഞ്ഞു കട്ടകൾ കൂടി കിടക്കുന്നത് കാണാം. അതൊക്കെ വാരിയെറിഞ്ഞു കുറച്ചു സമയം അവിടെയൊക്കെ ചെലവഴിച്ചു. ഒരുപാട് മുകളിലേക്ക് കയറി റിസ്ക് എടുക്കണ്ട എന്ന് വെച്ച് കിതപ്പ് കൂടിയപ്പോൾ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. അതുമാത്രമല്ല ഒരുപാട് താമസിക്കാതെ നമുക്കിന്നു ഇവിടെ നിന്നും ഇറങ്ങണം. മണാലിയിലെ കുറച്ച് സ്ഥലങ്ങൾ കണ്ടു തീർക്കണം. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ഞങ്ങൾ തിരിച്ച് ബാബുക്കായുടെ തട്ടകത്തിൽ എത്തി. ചുമ്മാ ഒന്ന് ടെമ്പറേച്ചർ നോക്കിയപ്പോൾ രണ്ട് ഡിഗ്രി സെൽഷ്യസ് ആയിരുന്നു അപ്പോഴത്തെ അവിടുത്തെ ടെമ്പറേച്ചർ. പക്ഷേ അത്രയും നടന്നിട്ട് വന്നതുകൊണ്ട് അത്യാവശ്യം വിയർത്തിരുന്നു. ഞങ്ങൾ പോയി വന്നപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന മച്ചാന്മാരെല്ലാരും എഴുന്നേറ്റിരുന്നു. അവരോടൊപ്പം കൂടി ഒരു കട്ടൻ ചായ കുടിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയി. പക്ഷേ നിയോഗ് ഭായ് മാത്രം എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. എന്തായാലും ഞങ്ങൾക്ക് ഫ്രഷ് ആകേണ്ട സമയമുണ്ട് ആ സമയത്തിനുള്ളിൽ നിയോഗ് ബ്രോ എഴുന്നേൽക്കും എന്ന് പ്രതീക്ഷിക്കാം.Manali Babukka farm house

അങ്ങനെ സമയം വീണ്ടും കടന്നു പോയി. അപ്പോഴതാ ബാഗും തൂക്കി ഒരു മൂന്നു സഞ്ചാരികൾ അങ്ങോട്ടേക്ക് എത്തി. തിരുവനന്തപുരത്തും കൊല്ലത്തും നിന്നുമുള്ളവർ. അത്ഭുതം അതല്ല ഇവരിൽ രണ്ടുപേർ പ്രവാസികളാണ്. ഗൾഫിൽ നിന്നും വെക്കേഷനായി വന്നതാണത്രേ. നേരെ ഡൽഹിക്ക് ടിക്കറ്റെടുത്ത് മണാലിയിൽ ഒക്കെ കറങ്ങിയിട്ട് നാട്ടില്‍ പോകാമെന്നു വിചാരിച്ചു എന്നാണ് അതിലൊരു മച്ചാൻ പറഞ്ഞത്. ശരിക്കും അത്ഭുതം തോന്നിപ്പോയി. യാത്രയെ ഇത്രയേറെ പ്രണയിക്കുന്നവർ😍 ഇവിടേക്ക് ആരു വന്നാലും വെൽക്കം ഡ്രിങ്ക് ആയിട്ട് ബാബുക്കയുടെ വക കിടിലൻ ഒരു കട്ടൻ തരും. അതു കൊടുത്ത് അവരെ സ്വീകരിച്ചു.

Manali Mallus

കുറച്ചുസമയം എല്ലാവരുമായി സംസാരിച്ച് അവിടെ ഇരുന്നു. അപ്പോഴേക്കും താഴെ പോയിരുന്ന
ബാബുകായും വന്നു നിയോഗ് മച്ചാനും എണീറ്റു. ഒട്ടും താമസിക്കാതെ തന്നെ ഞങ്ങൾ ബാഗ് ഒക്കെ പാക്ക് ചെയ്തു അവിടെ നിന്നും ഇറങ്ങാൻ ആയിട്ടുള്ള തയ്യാറെടുപ്പിൽ ആയി. കയ്യിലുണ്ടായിരുന്ന 3 ജീൻസ് എടുത്ത് ഇട്ടു. പോകുന്നത് സോളാഗ് വാലിയിലേക്ക് ആയതുകൊണ്ട് അത്യാവശ്യം നല്ല കരുതൽ ഇല്ലാതെ പോയാൽ പെടും. അവിടെ ഉണ്ടായിരുന്ന രണ്ടു മച്ചാന്മാർ ഞങ്ങളുടെ കൂടെ കൂടി. അങ്ങനെ ഞങ്ങൾ നാലു പേരും കൂടി താഴേക്കിറങ്ങി. പോകേണ്ട സ്ഥലങ്ങളും ടാക്സി ചാർജ് എത്ര വരും എന്നൊക്കെ ബാബുക്ക വ്യക്തമാക്കി തന്നു. പിന്നെ ഒരു പത്തു മിനിറ്റ് നീയോഗ് ഭായിയുടെ പോളാർ എക്സ്പെഡിഷൻ വിശേഷങ്ങളും കേട്ടു എല്ലാവരോടും യാത്രയും പറഞ്ഞു അവിടെനിന്നും ഞങ്ങൾ ഇറങ്ങി. ഇനി താഴേക്ക് ബാഗും തൂക്കി ഒരൊന്നൊന്നര നടപ്പുണ്ട്. ഇങ്ങനെയുള്ള യാത്ര ചെയ്യുമ്പോൾ പരമാവധി ബാഗിൽ ഭാരം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുക. അല്ലെങ്കിൽ സന്തോഷ് ജോർജ് കുളങ്ങര സാർ പറഞ്ഞതുപോലെ ചില സമയങ്ങളിൽ ഒരു കിലോ നൂറു കിലോയ്ക്ക് തുല്യമായ രീതിയിൽ നമുക്ക് അനുഭവപ്പെടും. അതുകൊണ്ട് എല്ലാരും ശ്രദ്ധിക്കുക. വലിച്ചുവാരി ഡ്രസ്സ് കൊണ്ടു പോകാതിരിക്കുക. ഞങ്ങൾക്ക് പറ്റിയ അബദ്ധവും അതുതന്നെയായിരുന്നു. ഞങ്ങൾ നാലുപേരും കൂടെ വസിഷ്ഠ് എത്തി. ഇനി നമുക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ടാക്സി ചാർജ് ചോദിക്കേണ്ടതായിട്ടുണ്ട്. ബാബുക്ക പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു ഒരു കാരണവശാലും അവര് പറയുന്ന ചാർജ് കൊടുക്കരുതെന്ന്. രണ്ടും മൂന്നും ഇരട്ടി ചാർജ് ആകും അവിടെ ടാക്സി ഓടുന്നവർ പറയുന്നത്. ഒരുവിധം അറിയാവുന്ന ഹിന്ദിയൊക്കെ പറഞ്ഞു 2500 രൂപ പറഞ്ഞ ക്യാബ് ഞങ്ങൾക്ക് 1200 രൂപയ്ക്ക് തരാമെന്നു പറഞ്ഞു. ഒരു ആൾട്ടോ 800. അവിടുത്തെ പടക്കുതിരയാണത്.😎

അവിടെനിന്നും നമ്മൾ യാത്ര തുടങ്ങി. പോകുന്ന വഴികളൊക്കെ അതിമനോഹരമായ കാഴ്ചകൾ നിറഞ്ഞതാണ്. നമ്മൾ ഇന്നലെ കണ്ട മലനിരകളുടെ ഒക്കെ താഴ്‌വാരയിലൂടെ ആണ് പോകുന്നത്. കുറച്ചു ചെന്നപ്പോൾ ഒരു പാലത്തിലൂടെ വണ്ടികയറി. രണ്ട് സൈഡിലും മുഴുവൻ ടിബറ്റൻ ഫ്ലാഗ് പാറിപ്പറക്കുന്നു. അതൊന്നു കാണേണ്ട കാഴ്ച്ച തന്നെയാണ്. 😍 മുന്നോട്ടു പോകുന്തോറും റോഡിന്റെ കിടപ്പ് മാറിത്തുടങ്ങി. ഒരു സൈഡ് പടു കൂറ്റൻ മലനിരകളും മറു സൈഡിൽ വലിയ ഗർത്തവും. മണാലിയിൽ ചെന്നിട്ട് ബൈക്ക് അല്ലെങ്കിൽ കാർ വാടകയ്ക്ക് എടുക്കുന്നവർ വളരെ സൂക്ഷിച്ചുവേണം ഈ വഴിയിലൂടെ ഡ്രൈവ് ചെയ്യാൻ. winter സീസൺ ആണെങ്കിൽ പരമാവധി വാടകയ്ക്ക് എടുക്കൽ ഒഴിവാക്കുന്നതായിരിക്കും നല്ലത്. അവിടെ ഓടിച്ചു പരിചയം ഇല്ലാത്തവരാണെങ്കിൽ നല്ല പണി കിട്ടാൻ സാധ്യതയുണ്ട്.

Manali Snow Fall

ടാക്സി എടുത്തു പോയാൽ തന്നെയും ചിലഭാഗങ്ങൾ എത്തുമ്പോൾ നമ്മൾ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി കൊടുക്കണം . പോരാത്തതിന് ഏതു സമയവും റോഡ് മഞ്ഞു മൂടാനും സാധ്യതയുണ്ട്. കുറച്ചു മുന്നോട്ട് ചെന്ന് കഴിഞ്ഞപ്പോൾ വണ്ടി ഒരു കടയുടെ മുന്നിൽ നിർത്തി. മഞ്ഞിൽ ഉപയോഗിക്കാനായിട്ടുള്ള സ്യൂട്ട് അവിടെനിന്നും വാടകയ്ക്ക് എടുക്കാൻ സാധിക്കും. ഒരാൾക്ക് ആവശ്യമായ സ്യൂട്ട് ബൂട്ട് എല്ലാംകൂടെ 250 രൂപയാണ്. അത് എടുത്തിട്ട് പോകുന്നതായിരിക്കും നമ്മുടെ ആരോഗ്യത്തിന് നല്ലത്. ഞങ്ങൾ നാലുപേരും എന്തായാലും ആ സ്യൂട്ട് എടുക്കാൻ തീരുമാനിച്ചു. ഒരുതരം ചന്ദ്രനിൽ പോകുന്ന സ്റ്റൈലിലുള്ള സ്യൂട്ട് 🤣🤣 നമ്മൾ ഇട്ടുകൊണ്ട് പോകുന്ന ഷൂസ് അവിടെ ഊരി വെക്കുന്നതാണ് നല്ലത്. സൊളാങ് വാലിയിൽ എത്തിക്കഴിഞ്ഞാൽ നമ്മൾ നടക്കുന്നത് മുഴുവൻ മഞ്ഞിലൂടെ ആയിരിക്കും അതുകൊണ്ടുതന്നെ ഷൂസിനുള്ളിൽ മഞ്ഞുകട്ടകൾ കയറി കഴിഞ്ഞാൽ കാല് മരവിച്ച് പോകാനുള്ള സാധ്യതയുണ്ട്. എല്ലാവരും ഫുൾ സെറ്റ് ആയിട്ട് വന്നു വണ്ടിയിൽ കയറി

.Manali Snow Suit

വീണ്ടും യാത്ര തുടങ്ങി. മുന്നിലോട്ടു പോകുന്തോറും റോഡ് മുഴുവൻ മഞ്ഞു മൂടിയിട്ട് ജെസിബി ഉപയോഗിച്ച് അത് കോരി മാറ്റുന്ന രംഗങ്ങളൊക്കെ കാണാം. അധികം താമസിക്കാതെ തന്നെ ഞങ്ങൾ ഒരു പാർക്കിംഗ് ഏരിയയിൽ എത്തി. വരുന്ന വഴിയിൽ രണ്ടു മൂന്നു സ്ഥലത്ത് ഇറങ്ങി തള്ളേണ്ട അവസ്ഥ വന്നു. അപ്പോൾ മനസ്സിലായി മഞ്ഞിലൂടെ വണ്ടി ഓടിക്കൽ അത്ര സുഖമുള്ള ഏർപ്പാടല്ല എന്നത്. ഞങ്ങളുടെ ബാഗ് എല്ലാം വണ്ടിയിൽ തന്നെ വെച്ചിട്ട് പോകാമെന്ന് വിചാരിച്ചു. വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ഡ്രൈവർ ഭായി പറഞ്ഞു സ്നോ ഫാൾ ഓവറായാൽ ഒരുപാട് സമയം നിക്കരുത്. നമുക്ക് പോകേണ്ട റോഡ് മുഴുവൻ മഞ്ഞിൽ മൂടാൻ സാധ്യതയുണ്ട് തിരിച്ചിറങ്ങൽ നടക്കില്ല. അതുകൊണ്ട് പന്തികേട് തോന്നിയാൽ ഉടനെ തിരിച്ചെത്തണം.

Watch Video

ബാക്കി അടുത്ത എപ്പിസോഡ്, 😍😍

SOCIAL SHARE
Advertisement
HOTEL REVIEWS

വെറും 100 രൂപക്ക് മുന്നാറിൽ KSRTC Ac ബസ്സിൽ താമസിക്കാം.

Mar 22, 2015
കഴിഞ്ഞ ദിവസം മൂന്നാർ പോകുന്ന വഴി പെട്ടെന്ന് ശ്രദ്ധയിൽ പെട്ട ഒന്നായിരുന്നു KSRTC ബസ് സ്റ്റാൻഡിൽ കിടന്നിരുന്ന 2 സ്ലീപ്പർ ബസ്സ്. പല ആവർത്തി പോയിട്ടുണ്ടെങ്കിലും ഇവനെ ആ പരിസരത്തൊന്നും തന്നെ കണ്ടിട്ടില്ല. പുതുമുഖം എന്തോ കരുതിക്കൂട്ടി തന്നെയുള്ള കിടപ്പാണെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലായി.